തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ എസ്ഐയെ മർദിച്ച് സിപിഒയും സഹോദരനും നാട്ടുകാരും. നഗരൂർ എസ്ഐ അൻസറിനാണ് മർദനമേറ്റത്. സംഭവത്തിൽ പള്ളിക്കൽ സിപിഒ നന്ദുവിനെയും സഹോദരനെയും മറ്റ് ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. ഉത്സവത്തിനിടെ നാട്ടുകാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. എസ്ഐ അൻസറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇവരെ പിടിച്ചുമാറ്റി.
ഗാനമേളയ്ക്ക് ശേഷം പോലീസ് മടങ്ങി പോകുന്നതിനിടെ നന്ദുവിന്റെയും സഹോദരന്റെയും നേതൃത്വത്തിൽ ഒരു സംഘമാളുകൾ എസ്ഐ അൻസറിനെ വളഞ്ഞിട്ട് മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നുതന്നെ നന്ദുവിനെയും സഹോദരനെയും മറ്റ്ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.



