മുംബൈ: പോലീസെന്ന വ്യാജേന കെനിയൻ യുവതിയിൽ നിന്നും പണം കവർന്നയാൾ അറസ്റ്റിൽ. മുംബൈയിലെ ഫോർട്ട് ഏരിയയിലാണ് സംഭവം.
സുരേഷ് രംഗനാഥ് ചവാൻ(48) ആണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച താനെയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതിയെ പോലീസ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
60 സിസിടിവി കാമറകൾ പരിശോധിച്ചതിന് ശേഷമാണ് മാതാ രമാഭായ് അംബേദ്കർ മാർഗ് പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം ചവാനെ കണ്ടെത്തിയത്.
ജനുവരി 21 ന് എംജി റോഡിലെ അലാന സെന്റർ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. കെനിയൻ യുവതിയായ സുമയ്യ മുഹമ്മദ് അബ്ദി (26) സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞുനിർത്തിയ ഇരുവരും പോലീസുകാരാണെന്ന് അവകാശപ്പെട്ടു.
തുടർന്ന് ഇവരുടെ സാധനങ്ങൾ പരിശോധിക്കാനെന്ന വ്യാജേന 66.45 ലക്ഷം രൂപ അടങ്ങിയ രണ്ട് ബാഗുകൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനായി ലോക്കൽ പോലീസ് സ്റ്റേഷനിൽ വരാൻ ഇരുവരും യുവതിയോട് ആവശ്യപ്പെടുകയും ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോലീസ് നടത്തിയ പരിശോധനയിൽ ചവാന്റെ പക്കൽ നിന്നും 79.35 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.



