കണ്ണാടിയിൽ നോക്കുമ്പോൾ മുഖം അമിതമായി വീർത്തിരിക്കുന്നതായി തോന്നാറുണ്ടോ? ഏതെങ്കിലും പ്രത്യേക ചടങ്ങുകൾക്കോ യാത്രകൾക്കോ മുൻപ് മുഖത്തെ ഈ അമിത കൊഴുപ്പും വീക്കവും കുറച്ച് മുഖം കൂടുതൽ ഭംഗിയുള്ളതാക്കാൻ പലരും ആഗ്രഹിക്കാറുണ്ട്.
ഉറക്കമില്ലായ്മ, അമിതമായ ഉപ്പിൻ്റെ ഉപയോഗം, മാനസിക സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവ മുഖത്ത് വീക്കമുണ്ടാക്കാൻ കാരണമാകാറുണ്ട്. ഒറ്റരാത്രികൊണ്ട് മുഖത്തെ കൊഴുപ്പ് മാറ്റാൻ കഴിയില്ലെങ്കിലും, 15 ദിവസം കൃത്യമായ ചില ശീലങ്ങൾ പിന്തുടർന്നാൽ മുഖം മെലിയാനും കൂടുതൽ തെളിമയുള്ളതാകാനും സാധിക്കും.
ഭക്ഷണത്തിൽ ഉപ്പ് അമിതമാകുന്നത് ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കാൻ (Water Retention) കാരണമാകും. ഇത് മുഖത്ത് വീക്കമുണ്ടാക്കുന്നു. പാക്കറ്റ് ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് മീൽസ്, ഉപ്പുള്ള പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. പകരം വീട്ടിൽ പാകം ചെയ്ത പുതിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് മുഖത്തെ വീക്കം കുറയ്ക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിയ്ക്കുക
ശരീരത്തിലെ അമിതമായ സോഡിയവും വിഷാംശങ്ങളും പുറന്തള്ളാൻ വെള്ളം കുടിക്കുന്നത് സഹായിക്കും. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും മുഖം കൂടുതൽ ടോൺഡ് ആയി തോന്നിക്കാൻ സഹായിക്കുകയും ചെയ്യും.
സമീകൃതാഹാരം ശീലമാക്കുക
ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് കുറയുന്നത് മുഖത്തെ കൊഴുപ്പ് കുറയാനും കാരണമാകും. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് നിയന്ത്രിക്കുന്നത് ഗുണം ചെയ്യും.
മുഖത്തിനുള്ള വ്യായാമങ്ങൾ ദിവസവും ചെയ്യുക
മുഖത്തെ പേശികളെ ടോൺ ചെയ്യാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ഫേഷ്യൽ വ്യായാമങ്ങൾ സഹായിക്കും. കവിൾ ഉയർത്തുന്ന വ്യായാമങ്ങൾ, താടിയെല്ലിനുള്ള (Jawline) വ്യായാമങ്ങൾ എന്നിവ ദിവസവും ചെയ്യുന്നത് മുഖത്തിന് നല്ല ആകൃതി നൽകാൻ സഹായിക്കും.
മദ്യം ഒഴിവാക്കുക
മദ്യം ശരീരത്തെ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും മുഖത്ത് വീക്കമുണ്ടാക്കുകയും ചെയ്യുന്നു. 15 ദിവസം മദ്യം പൂർണ്ണമായും ഒഴിവാക്കുന്നത് കവിളുകളിലെയും താടിയെല്ലിലെയും അമിത വീക്കം കുറയ്ക്കാൻ സഹായിക്കും.
കൃത്യമായ ഉറക്കം ഉറപ്പാക്കുക
ഉറക്കക്കുറവ് മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ഇത് ശരീരഭാരം കൂടാനും മുഖത്ത് വീക്കമുണ്ടാകാനും കാരണമാകുകയും ചെയ്യും. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നത് മുഖം കൂടുതൽ ഉന്മേഷമുള്ളതാക്കാൻ സഹായിക്കും.



