ലണ്ടനിലെ അതിസമ്പന്നർ താമസിക്കുന്ന ‘ബില്യണയർ റോ’യിലെ കൊട്ടാരസദൃശമായ വീടുകൾ, യൂറോപ്പിലെ വമ്പൻ ഹോട്ടലുകൾ, ദുബായിലെ ആഡംബര വില്ലകൾ – ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മോജ്തബ ഖമേനിക്ക് വിദേശരാജ്യങ്ങളിൽ കോടികളുടെ ആസ്തിയുണ്ടെന്ന് ബ്ലൂംബെർഗ് നടത്തിയ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പേര് വെളിപ്പെടുത്താത്ത ഷെൽ കമ്പനികൾ വഴിയാണ് ഈ നിക്ഷേപങ്ങളെല്ലാം നടത്തിയിരിക്കുന്നത്. ടെഹ്റാൻ മുതൽ ദുബായ് വരെയും ഫ്രാങ്ക്ഫർട്ട് വരെയും നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ് മോജ്തബയ്ക്ക് പിന്നിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
ഔദ്യോഗിക രേഖകളിൽ മോജ്തബയുടെ പേര് എവിടെയും കാണാനില്ലെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടന്ന വമ്പൻ ഇടപാടുകൾക്ക് പിന്നിൽ ഇദ്ദേഹമാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. 56 വയസ്സുകാരനായ മോജ്തബ ഖമേനി, പിതാവിന് ശേഷം ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തിയാണ്. 2019-ൽ അമേരിക്ക ഇദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.



