ഗുരുഗ്രാം: പഠന സമ്മർദത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. 13 വയസുകാരി അതിദി ആണ് മരിച്ചത്.
കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ പഠനവുമായി ബന്ധപ്പെട്ട് താൻ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് എഴുതിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ വിളിക്കാനെത്തി. എന്നാൽ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
പലതവണ വിളിച്ചിട്ടും അദിതി വാതിൽ തുറന്നില്ല. ജനാലയിലൂടെ നോക്കിയപ്പോൾ കുട്ടിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ, വ്യാഴാഴ്ച പരീക്ഷയുണ്ടെന്നും എവിടെ നിന്ന് പഠനം തുടങ്ങണമെന്ന് അറിയില്ലെന്നും എഴുതിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം ലക്നോവിൽ നിന്നും ഗുരുഗ്രാമിലേക്ക് താമസം മാറിയ അദിതി ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ് ഹർദോയിയിലെ സർക്കാർ വകുപ്പിലും പിതാവ് ബംഗുളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലുമാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.



