ഗവർണറുടെ വസതിയായ ലോക് ഭവനിലെ ഫോണുകൾ ഭരണകക്ഷിയായ കോൺഗ്രസ് സർക്കാർ ചോർത്തിയതായി ബിജെപിയുടെ ആരോപണം. ഇതിനെ തുടർന്ന് കർണാടക നിയമസഭയിൽ വലിയ ബഹളമാണ് പൊട്ടിപ്പുറപ്പെട്ടത്. ഗവർണർ തവാർചന്ദ് ഗെലോട്ടിന് ന്യൂഡൽഹിയിൽ നിന്ന് ഫോണിലൂടെ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീലിൻറെ പ്രസ്താവനയോടൊണ് വിവാദങ്ങൾക്ക് തുടക്കമായത്.
ബുധനാഴ്ച ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ആരോപണം ഉയർന്നുവന്നത്. ഇതിന് പിന്നാലെ അടിയന്തര വിശദീകരണവും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ബിജെപി എം.എൽ.എമാർ രംഗത്തെത്തി.
2011 ജനുവരിയിൽ അന്നത്തെ ഗവർണർ എച്ച്.ആർ. ഭരദ്വാജ് ഉൾപ്പെട്ട സമാനമായ ഒരു സംഭവം അനുസ്മരിച്ച ബിജെപി എംഎൽഎ സുരേഷ് കുമാർ, നിലവിലെ സിദ്ധരാമയ്യ സർക്കാരിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. പാട്ടീലിന്റെ പരാമർശങ്ങൾ ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകൾ സർക്കാരിലും നിയമസഭയിലും പൊതുജനങ്ങളുടെ വിശ്വാസം തകർക്കുമെന്ന് ആരോപണത്തിന്റെ ഗൗരവം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.



