മഠങ്ങളിലും ആശ്രമങ്ങളിലും മറ്റ് മതസ്ഥാപനങ്ങളിലും കഴിയുന്ന അർഹരായ സ്ത്രീകൾക്ക് സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ.
ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. പലപ്പോഴും ക്ഷേമ പദ്ധതികളിൽ നിന്ന് പുറത്തായിപ്പോകുന്ന ഈ വിഭാഗത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മറ്റ് വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള പ്രായോഗിക തടസ്സങ്ങൾ നീക്കുമെന്ന് സർക്കാർ അറിയിച്ചു. സ്വന്തമായി വരുമാനമില്ലാത്ത പലർക്കും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.



