ആഫ്രിക്കൻ രാജ്യമായ സൊമാലിയ ഇന്ന് ചരിത്രത്തിലെ വളരെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുടർച്ചയായ വരൾച്ചയും കുടിവെള്ളത്തിന്റെ അമിതവിലയും മൂലം ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലായിരിക്കുകയാണ്. മതിയായ ഭക്ഷണമോ, വെള്ളമോ ഇല്ലാതെ കുഞ്ഞുങ്ങൾ രോഗങ്ങൾക്ക് ഇരകളാകുന്ന കാഴ്ച വളരെ വേദനാജനകമാണ്.

ഭക്ഷണമില്ലാത്ത അവസ്ഥ (മല്നൂട്രിഷൻ) സോമാലിയയിൽ പടർന്നുപിടിക്കുകയാണ്. ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതിനാൽ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കുറയുകയും അഞ്ചാംപനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ പടരുകയും ചെയ്യുന്നു. പല കുഞ്ഞുങ്ങളും ആശുപത്രികളിലെത്തുന്നത് അതീവ ഗുരുതരാവസ്ഥയിലാണ്. മിക്ക കുടുംബങ്ങളും ദിവസങ്ങളോളം പട്ടിണി കിടന്നാണ് അഭയാർഥി ക്യാമ്പുകളിൽ എത്തിച്ചേരുന്നത്.

സൊമാലിയയിൽ കുടിവെള്ളത്തിന് സ്വർണ്ണത്തേക്കാൾ വിലയുള്ള അവസ്ഥയാണിപ്പോൾ. 200 ലിറ്റർ വെള്ളത്തിന് ഏകദേശം 200 മുതൽ 350 രൂപ വരെ നൽകേണ്ടിവരുന്നു. ഇത്രയും വലിയ തുക നൽകാൻ പണമില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾ ഉപ്പുവെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നു. ഇത് കുഞ്ഞുങ്ങളിൽ മാരകമായ വയറിളക്കത്തിനും മറ്റ് അസുഖങ്ങൾക്കും കാരണമാകുന്നു.

ലക്ഷക്കണക്കിന് ആളുകൾ സഹായത്തിനായി കാത്തിരിക്കുമ്പോഴും അന്താരാഷ്ട്രതലത്തിൽ നിന്നുള്ള സഹായങ്ങൾ കുറഞ്ഞുവരികയാണ്. ഫണ്ടില്ലാത്തതിനാൽ സൊമാലിയയിലെ ഇരുനൂറോളം ആരോഗ്യകേന്ദ്രങ്ങൾ  പൂട്ടിക്കഴിഞ്ഞു. മുൻപ് പത്തുലക്ഷത്തിലധികം പേർക്ക് ലഭിച്ചിരുന്ന ഭക്ഷണസഹായം ഇപ്പോൾ വെറും മൂന്നരലക്ഷം പേർക്കു മാത്രമാണ് ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിയും കന്നുകാലികളും നശിച്ചതോടെ ജനങ്ങൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്.

തടയാൻ കഴിയുന്ന രോഗങ്ങൾ മൂലവും വിശപ്പ് മൂലവും കുഞ്ഞുങ്ങൾ മരിക്കുന്നത് ഒരു രാജ്യത്തിനും അംഗീകരിക്കാൻ കഴിയില്ല. ലോകരാജ്യങ്ങൾ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ വരുംമാസങ്ങളിൽ സൊമാലിയയിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ശുദ്ധജലവും ഭക്ഷണവും മരുന്നും എത്തിച്ച് ഈ പാവപ്പെട്ട ജനതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് ലോകത്തിന്റെ കടമയാണ്.