ദക്ഷിണ സുഡാനിൽ സാധാരണ ജനങ്ങൾക്കുനേരെ കൂട്ട ആക്രമണത്തിനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎൻ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് പുതിയ സംഘർഷങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തലസ്ഥാനമായ ജൂബയുടെ വടക്കുഭാഗത്തുള്ള ജോംഗ്ലെയിൽ നടക്കുന്ന പോരാട്ടം സാധാരണക്കാർക്കെതിരായ അധിക്ഷേപത്തിനു വഴിവയ്ക്കുമെന്ന് യുഎൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് അറിയിക്കുകയായിരുന്നു.
രാജ്യം രൂപീകൃതമായതു മുതൽ യുദ്ധം, ദാരിദ്ര്യം, വൻതോതിലുള്ള അഴിമതി എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, എതിരാളികൾക്കിടയിൽ അക്രമവും വർധിച്ചുകൊണ്ടിരിക്കുകയാണ്. 1,80,000 ലധികം ആളുകളാണ് അഭയാർഥികളായി മാറിയിട്ടുള്ളത്. അതേസമയം, സൈനികനേതാക്കൾ സാധാരണക്കാർക്കെതിരായ അധിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
“ഇതിനകം തന്നെ സമാധാനപ്രക്രിയയുടെ അടിത്തറ ദുർബലമായിരിക്കുന്ന ഒരു നിമിഷത്തിൽ അപകടകരമായ ഒരു വർധനവിനെ ഇത് പ്രതിനിധീകരിക്കുന്നു” എന്ന് യുഎൻ കമ്മീഷൻ പറഞ്ഞു. യുഎൻ മിഷൻ ഇൻ സൗത്ത് സുഡാന്റെ (UNMISS), നേതാക്കൾ സമാധാനപ്രക്രിയയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. “ഏറ്റവും ദുർബലരായവർ ഉൾപ്പെടെയുള്ള സാധാരണക്കാർക്കെതിരെയുള്ള അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ കാര്യങ്ങൾ തീർത്തും വെറുപ്പുളവാക്കുന്നതാണ്. അത് തീർച്ചയായും അവസാനിപ്പിക്കണം” – UNMISS മേധാവി ഗ്രഹാം മൈറ്റ്‌ലാൻഡ് പറഞ്ഞു.



