വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ സി.പി.എം അച്ചടക്ക നടപടി സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ഇതു മറികടക്കുന്നതിനായി സംസ്ഥാന, ജില്ലാ നേതാക്കൾ ഇവിടെ ക്യാംപ് ചെയ്താണ് പ്രവർത്തിക്കുന്നത്. വി. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രതിഷേധമോ, പോസ്റ്ററുകളോ പാടില്ലെന്ന് നേതൃത്വം അണികൾക്ക് കർശന നിർദ്ദേശം നൽകി.

ചൊവ്വാഴ്ച കുരുംബ ഓഡിറ്റോറിയത്തിൽ നടന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയാ കമ്മിറ്റി അംഗങ്ങളുടെ ജനറൽ ബോഡി യോഗത്തിലാണ് നേതൃത്വം ഈ താക്കീത് നൽകിയത്. വി. കുഞ്ഞികൃഷ്ണനെതിരായ നടപടി വിശദീകരിക്കാൻ വിളിച്ചു ചേർത്തതായിരുന്നു യോഗം.  ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മുതലുള്ളവരെ പങ്കെടുപ്പിച്ചു ചേർന്ന യോഗത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു. മുൻ ഏരിയാ സെക്രട്ടറിയായ വി. കുഞ്ഞികൃഷ്ണന്റെ സാമ്പത്തിക ക്രമക്കേട് വെളിപ്പെടുത്തൽ സംസ്ഥാന തലത്തിൽ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയമായി മുതലെടുക്കാൻ കളത്തിലിറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രകോപനം സൃഷ്ടിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് നേതൃത്വം നിർദ്ദേശിച്ചു.

പയ്യന്നൂരിൽ ഏറെ സ്വീകാര്യതയുള്ള സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെ മുൻനിർത്തിയാണ് സി.പി.എം പ്രതിരോധ വ്യൂഹം ചമയ്ക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വിജയരാജൻ, കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ തുടങ്ങിയവർ പയ്യന്നൂരിലെത്തും.

ഇതിനിടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാൻ നേതൃത്വം നീക്കം ഊർജ്ജിതമാക്കിയിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തിന് നേതൃത്വം നൽകിയ വെള്ളൂരിലെ പ്രസന്നന്റെ വീട്ടിൽ മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ എത്തി. പ്രസന്നന്റെ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി. നാരായണന്റെ വീട്ടിലും പി. ജയരാജൻ സന്ദർശനം നടത്തി. ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയർമാനും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി. ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു.