വാഷിങ്ടൻ:അമേരിക്കൻ തെരുവുകളിൽ ആളുകൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നത് കാണാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ്. എന്നാൽ മിനസോടയിൽ ‘അക്രമാസക്തരായ, ക്രിമിനൽ നിയമലംഘകരായ കുടിയേറ്റക്കാരെ’ നാടുകടത്താനുള്ള ശ്രമങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

മിനസോടയിലെ മിനിയപ്പലിസ് നഗരത്തിൽ ഇമിഗ്രേഷൻ ഏജന്റ് വാഹനപരിശോധനയ്ക്കിടെ യുഎസ് പൗരനായ 37 വയസ്സുകാരൻ അലക്സ് ജെഫ്രി പ്രെറ്റി കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ മിനസോട്ടയിൽ ഒരു യുഎസ് പൗരൻ വെടിയേറ്റു മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളെ കണ്ടത്.

അക്രമാസക്തരായ, ക്രിമിനൽ നിയമലംഘകരായ കുടിയേറ്റക്കാരെ നാടുകടത്തുകയും അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുകയും ചെയ്യുമെന്ന തന്റെ വാഗ്ദാനത്തിൽ നിന്ന് ട്രംപ് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും, ആ ശ്രമത്തിൽ എല്ലാ സഹകരണത്തെയും അദ്ദേഹം സ്വാഗതം ചെയ്യുന്നുവെന്നും കരോലിൻ ലീവിറ്റ് പറഞ്ഞു. ജയിലുകളിലുള്ള അനധികൃത കുടിയേറ്റക്കാരെയും, അറസ്റ്റ് വാറണ്ടുള്ളവരോ കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളവരോ ആയ നിയമലംഘകരെയും ഉടൻ നാടുകടത്തുന്നതിന് ഫെഡറൽ അധികാരികൾക്ക് കൈമാറണമെന്ന് മിനസോടയിലെ രാഷ്ട്രീയ നേതാക്കളോട് ലെവിറ്റ് ആവശ്യപ്പെട്ടു. രേഖകളില്ലാതെ അതിർത്തി കടന്നെത്തുന്നവർക്ക് ചില നഗരങ്ങൾ അഭയം നൽകുന്ന നയങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം ഉടൻ പാസാക്കാൻ ട്രംപ് ആഗ്രഹിക്കുന്നതായും ലീവിറ്റ് പറഞ്ഞു.