ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സാപ്പിന്റെ സ്വകാര്യതാ സുരക്ഷയെ ചോദ്യം ചെയ്തുകൊണ്ട് അമേരിക്കൻ കോടതിയിൽ ഹർജി. വാട്സാപ്പിലെ സന്ദേശങ്ങൾ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും മാത്രമായി പരിമിതപ്പെടുത്തുന്ന ‘എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ’ വെറും തട്ടിപ്പാണെന്നും കമ്പനിക്ക് ഈ സന്ദേശങ്ങൾ വായിക്കാൻ കഴിയുമെന്നും ഹർജിയിൽ ആരോപിക്കുന്നു. സാൻ ഫ്രാൻസിസ്കോ കോടതിയിൽ ഒരു കൂട്ടം രാജ്യാന്തര ഉപയോക്താക്കളാണ് മെറ്റയ്ക്കെതിരെ പരാതി നൽകിയത്.
എന്‍ക്രിപ്ഷൻ വെറും തമാശയോ?
വാട്സാപ്പ് സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ അവയുടെ താക്കോൽ ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ മാത്രമാണുള്ളതെന്നും കമ്പനിക്ക് അവ കാണാൻ കഴിയില്ലെന്നുമാണ് മെറ്റ കാലങ്ങളായി അവകാശപ്പെടുന്നത്. എന്നാൽ ഈ സുരക്ഷാ കവചം മറികടക്കാൻ വാട്സാപ്പ് ജീവനക്കാർക്കും മെറ്റാ എൻജിനീയർമാർക്കും സാധിക്കുമെന്ന് ജനുവരി 23-ന് ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കളാണ് പരാതിക്കാർ.



