വാഷിങ്ടൻ: മിനസോട്ടയിലെ മിനിയാപ്പോളിസില്‍ ഇമിഗ്രേഷൻ ഏജന്റ് വാഹനപരിശോധനയ്ക്കിടെ ഒരാളെ വെടിവച്ചു കൊന്നതിൽ വ്യാപക പ്രതിഷേധം. യുഎസ് പൗരനായ 37 വയസ്സുകാരൻ അലക്സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. മിനിയപ്പലിസിലെ വെറ്ററൻസ് അഫയേഴ്സ് ആശുപത്രിയിലെ നഴ്സാണ് ജെഫ്രി. ജെഫ്രിയുടെ കൈവശം തോക്കുണ്ടായിരുവെന്നും ഇയാളെ നിരായുധനാക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ അവകാശവാദം. അതേസമയം ജെഫ്രിക്ക് തോക്ക് കൈവശം വയ്ക്കാനുള്ള പെർമിറ്റ് ഉണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നതിനു സമീപമാണ് ജെഫ്രിയുടെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ജെഫ്രിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2011ൽ മിനസോട സർവകലാശാലയിൽ നിന്ന് ബാച്ചിലർ ബിരുദം നേടിയ ജെഫ്രി പിന്നീട് റജിസ്റ്റേഡ് നഴ്സായി ജോലിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ജെഫ്രിയുടെ മാതാപിതാക്കൾ കൊളറാഡോ സ്വദേശികളാണ്.

അതേസമയം മിനസോടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികൾ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ഗവർണർ ടിം വാൽസ് ആവശ്യപ്പെട്ടു.