ക്രൈസ്തവർ ‘എക്യൂമെനിക്കൽ സിനഡൽ ആചാരങ്ങളിൽ’ വളർന്നുകൊണ്ട് അവരുടെ പൊതുവായ സാക്ഷ്യം കൂടുതൽ ആഴത്തിലാക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. സഭൈക്യവാരത്തിന് സമാപനം കുറിച്ചുകൊണ്ട് സെന്റ് പോൾ ബസിലിക്കയിൽ വിശുദ്ധ പൗലോസിന്റെ മനസാന്തര തിരുനാളിനോട് അനുബന്ധിച്ചുള്ള സായാഹ്ന പ്രാർഥനയ്ക്കിടെയാണ് പാപ്പ ഈ അഭ്യർഥന നടത്തിയത്. ഈ വർഷത്തെ സഭൈക്യ വാരത്തിനാവശ്യമായ പ്രാർഥനകൾ തയ്യാറാക്കിയതിന് അർമേനിയയിലെ സഭകൾക്ക് പാപ്പ നന്ദി പറഞ്ഞു.
“പൗലോസിന്റെ ദൗത്യം ഇന്നത്തെ എല്ലാ ക്രൈസ്തവരുടെയും ദൗത്യമാണ്: ക്രിസ്തുവിനെ പ്രഘോഷിക്കുകയും അവനിൽ ആശ്രയിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുക”. പൗലോസ് ശ്ലീഹായുടെ ശവകുടീരത്തിന്റെ സമീപത്ത് നിന്നുകൊണ്ട് പാപ്പ പറഞ്ഞു. എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഖ്യാപിക്കാനുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനവും പാപ്പ അനുസ്മരിച്ചു.
“എല്ലാ ക്രൈസ്തവരുടെയും കടമ ലോകത്തോട് താഴ്മയോടെയും സന്തോഷത്തോടെയും ‘ക്രിസ്തുവിനെ നോക്കൂ! അവന്റെ അടുത്തേക്ക് വരൂ! പ്രകാശിപ്പിക്കുന്നതും ആശ്വാസം നൽകുന്നതുമായ അവന്റെ വചനത്തെ സ്വാഗതം ചെയ്യുക!’ എന്ന് പറയുക എന്നതാണ്” പാപ്പ കൂട്ടിച്ചേർത്തു. തദവസരത്തിൽ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികവും ലെയോ പാപ്പ അനുസ്മരിച്ചു.



