ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ദേശീയ പതാക ഉയർത്തി. തുടര്ന്ന് വിവിധ പോലീസ്, സായുധ സേനാ വിഭാഗങ്ങളുടെ പരേഡ് അദ്ദേഹം പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വികസിത ഭാരതം ഓരോരുത്തരുടെയും സ്വപ്നം
രാജ്യത്തിന്റെ വികസന കുതിപ്പിനെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ഗവർണർ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. “വികസിത ഭാരതം എന്നത് പ്രധാനമന്ത്രിയുടെ മാത്രം സ്വപ്നമല്ല, മറിച്ച് ഓരോ ഭാരതീയന്റെയും സ്വപ്നമാണ്. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം,” അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ പ്രകടനം ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



