മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് ഭീതി പരത്തി. വിമാനത്താവളത്തിന്റെ സൗത്ത് ടെർമിനലിൽ സംശയാസ്പദമായി ബാഗ് കണ്ടെത്തിയതോടെ ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരക്കണക്കിന് യാത്രക്കാരെയാണ് ഒഴിപ്പിച്ചത്. തുടർന്ന് ബാഗിൽ അപകടകരമായ ഒന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ഒഴിയുകയും പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തത്.
ഡോർ 21 ന് സമീപമുള്ള ഡിപ്പാർച്ചർ ഏരിയയിലാണ് ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നതായി കണ്ടെത്തുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ ഉടൻ തന്നെ യാത്രക്കാരോടും ജീവനക്കാരോടും ഒഴിഞ്ഞുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. തിരക്കേറിയ സമയത്തുണ്ടായ ഈ സംഭവം വിമാനത്താവളത്തിൻറെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിച്ചു.



