കാനഡയിലെ ബർണബിയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. വാൻകൂവർ നിവാസിയായ 28 വയസ്സുകാരൻ ദിൽരാജ് സിംഗ് ഗിൽ ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ തുടരുന്ന ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കാനഡയിലെ ‘ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം’ (IHIT) ആണ് കേസ് അന്വേഷിക്കുന്നത്.
ജനുവരി 22 ന് വൈകുന്നേരം 5:30 ന് (പ്രാദേശിക സമയം) ബർണബിയിലെ കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ഒരു പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഫ്രണ്ട്ലൈൻ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ദിൽരാജിനെ കണ്ടെത്തുകയായിരുന്നു.



