രാജ്യത്തെ ഉന്നത സൈനിക നേതൃത്വത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം. ജനറൽ ഷാങ് യൂക്സിയയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു, “ഗുരുതരമായ അച്ചടക്ക ലംഘനങ്ങളും നിയമലംഘനങ്ങളും” ആരോപിച്ചതിനെ തുടർന്നാണിത്. അഴിമതി കേസുകളിൽ ചൈനയിൽ ഇത്തരം ഭാഷ സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും കുറ്റപത്രങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മറ്റൊരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ജനറൽ ലിയു ഷെൻലിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒമ്പത് മുതിർന്ന ജനറൽമാരെ സസ്‌പെൻഡ് ചെയ്തതിന് ശേഷമാണ് ഈ നടപടി. പതിറ്റാണ്ടുകളായി ചൈനീസ് സൈന്യത്തിനുള്ളിൽ നടക്കുന്ന ഏറ്റവും വലിയ ശുദ്ധീകരണമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ചൈനയിലെ ഏറ്റവും ശക്തമായ സൈനിക സ്ഥാപനമായ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) വൈസ് ചെയർമാനായിരുന്നു 75 കാരനായ ജനറൽ ഷാങ് യൂക്സിയ. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത് . രാജ്യത്തിന്റെ മിക്ക തീരുമാനങ്ങളും എടുക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലും ഷാങ് അംഗമായിരുന്നു.