അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തായാലും കേരളത്തിൽ അതിവേഗ റെയിൽ വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ യുഡിഎഫ് എതിര്‍ത്തത് പാരിസ്ഥിതികവും സാമ്പത്തികവുമായ കാരണങ്ങളാലാണെന്നും, അതിന് വ്യക്തമായ ഡിപിആർ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്നും പറവൂരിൽ മാധ്യമങ്ങളോട് വിഡി സതീശൻ വ്യക്തമാക്കി. കെ-റെയിലിനെ എതിര്‍ത്തതിന്റെ അർത്ഥം കേരളത്തിന് വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വേണ്ടെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗ സഞ്ചാരത്തിനായി ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും, തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് റെയിൽ പദ്ധതിയെന്ന പേരിൽ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന വാദം ശരിയല്ലെന്നും വിഡി സതീശൻ പറഞ്ഞു. ആദ്യം അതിവേഗ റെയിലിന്റെ പ്രമേയം വരട്ടെ, ഡിപിആർ തയ്യാറാക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



