ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഏകദേശം 50 വർഷത്തെ ചരിത്രത്തിലെ പ്രതിഷേധക്കാർക്കെതിരായ ഏറ്റവും മാരകമായ അടിച്ചമർത്തലിലൂടെ ഇറാനിയൻ അധികൃതർ ജനങ്ങളെ നേരിട്ടു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതക പ്രയോഗം പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ അതിൽ മറ്റെന്തെങ്കിലും ‘കൂടുതലായി’ ഉണ്ടോ എന്നതും ആളുകൾ സംശയിക്കുന്നു. എന്നാൽ പൗരൻമാർക്കെതിരെ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന രാസായുധ കൺവെൻഷനിൽ ഒപ്പുവച്ച രാജ്യമാണ് ഇറാൻ.

കണ്ണുകൾ, ചർമ്മം, ശ്വാസകോശം എന്നിവയിൽ തീവ്രമായ പൊള്ളൽ, കടുത്ത ശ്വസന ബുദ്ധിമുട്ട്, ആവർത്തിച്ചുള്ള ചുമ, തലകറക്കം, സന്തുലിതാവസ്ഥ നഷ്ടപ്പെടൽ, ചില സന്ദർഭങ്ങളിൽ ഛർദ്ദി അല്ലെങ്കിൽ ചുമയ്ക്കുമ്പോൾ രക്തം എന്നിവയ്ക്ക് ഈ വാതകങ്ങൾ കാരണമായതായി റിപ്പോർട്ടുകൾ പറയുന്നുവെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

കണ്ണീർ വാതക പ്രയോഗവുമായി ബന്ധപ്പെട്ട മുൻകാല അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് രോഗലക്ഷണങ്ങളുടെ തീവ്രതയും നിലനിൽപ്പും എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നിരുന്നാലും ഉപയോഗിച്ച വസ്തുക്കൾ തിരിച്ചറിയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജനക്കൂട്ടത്തിലേക്കും രക്ഷപ്പെടാനുള്ള വഴികളിലേക്കും ആയിരുന്നു വാതക പ്രയോഗം നടത്തിയത്.

ചില സന്ദർഭങ്ങളിൽ വെടിവയ്പ്പ് ആരംഭിച്ചത് വാതകപ്രയോഗത്തിന്റെ അതേ സമയത്തോ, അല്ലെങ്കിൽ തൊട്ടുപിന്നാലെയോ ആയതുകൊണ്ട് പ്രതിഷേധക്കാർക്ക് നടക്കാനോ ഓടാനോ സാധിക്കാതെ നിലത്തുവീണു. ആളുകൾ രക്ഷപെടാൻ ശ്രമിക്കുമ്പോൾ വെടിവയ്പ്പ് രൂക്ഷമായി. ഒരേ വിവരങ്ങളാണ് ഇറാനിലെ പല ഇടങ്ങളിൽ നിന്നും പുറത്ത് വരുന്നതെന്നതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ സംഭവിച്ചതാണെന്നു നമുക്ക് മനസ്സിലാക്കാം.

മാരക വാതകമാണെന്നു മുന്നറിയിപ്പുള്ള ടാങ്കുകൾ

വടക്കുകിഴക്കൻ ഇറാനിലെ റസാവി ഖൊറാസാൻ പ്രവിശ്യയിലെ സബ്‌സേവാറിൽ നിന്ന് ലഭിച്ചതും ഇറാൻ ഇന്റർനാഷണൽ അവലോകനം ചെയ്തതുമായ വീഡിയോകളിലും അപകടകരമായ മുന്നറിയിപ്പുകൾ ഉണ്ട്. രാസവസ്തുക്കൾക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക സംരക്ഷണ വസ്ത്രങ്ങളും മാസ്കുകളും ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സൈനിക ശൈലിയിലുള്ള വാഹനങ്ങളിൽ ഉള്ളതായി വീഡിയോകളിൽ കാണാം

ദൃശ്യങ്ങളിൽ, വാഹനങ്ങളിൽ അപകടകരമായ വസ്തുക്കളുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ചിഹ്നങ്ങൾ കാണാമായിരുന്നു. വെടിവയ്പ്പിന്റെ ശബ്ദങ്ങൾ പ്രത്യേക വീഡിയോകളിൽ കേൾക്കാമായിരുന്നു. വടക്കുകിഴക്കൻ ഇറാനിലെ സബ്‌സെവാറിലെ തെരുവുകളിൽ ഇറാനിയൻ സൈന്യം സൈനിക ശൈലിയിലുള്ള വാഹനങ്ങളിൽ രാസ-അപകട സംരക്ഷണ ഗിയർ ധരിച്ചിരിക്കുന്നത് കാണാം.

ദൃശ്യങ്ങളിൽ മഞ്ഞ നിറത്തിലുള്ള ഒരു ത്രികോണാകൃതിയിലുള്ള അപകടകരമായ വസ്തുക്കൾ സംബന്ധിച്ച മുന്നറിയിപ്പ് അടയാളം കാണാം. അതേസമയം മറ്റൊരു വീഡിയോയിൽ വെടിയൊച്ച കേൾക്കാം. പ്രത്യേക സംരക്ഷണ കവചവും അത് കൊണ്ടുവന്ന സംഭരണികളും പ്രത്യകത നിറഞ്ഞതാകയാൽ ഇത് രാസ വസ്തുക്കൾ തന്നെയാണെന്ന് അനുമാനിക്കാം.

അതുപോലെ, മധ്യ പ്രവിശ്യയായ ഇസ്ഫഹാനിൽ, കൗമാരക്കാർ, യുവാക്കൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ ഇടയിലേക്ക് രാസ സ്വഭാവസവിശേഷതകളുള്ള കണ്ണീർ വാതകം നേരിട്ട് പ്രയോഗിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നനഞ്ഞ തുണി പോലുള്ള സാധാരണ രീതികൾ ഉപയോഗിച്ച് വാതകത്തിന്റെ ഫലങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ പെട്ടെന്ന് ഫലപ്രദമല്ലെന്ന് തെളിഞ്ഞുവെന്ന് അവർ പറഞ്ഞു.

ഇടവഴികളിലേക്ക് ഓടിയെത്തിയ ആളുകൾക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചെറിയ ദൂരം ഓടിയ ശേഷം കുഴഞ്ഞുവീഴുകയും ചെയ്ത രംഗങ്ങൾ ദൃക്‌സാക്ഷികൾ വിവരിച്ചു. പ്രതിഷേധക്കാർ ആ അവസ്ഥയിലായിരിക്കുമ്പോഴാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും ‘യുദ്ധ സിനിമകൾ പോലെ’ എന്നായിരുന്നു അവർ ആ രംഗങ്ങളെ വിശേഷിപ്പിച്ചതെന്നും അവർ പറയുന്നു.

കുരുമുളക്, സ്വിമ്മിംഗ് പൂൾ ക്ലോറിൻ, ബ്ലീച്ച്, വിനാഗിരി എന്നിവയുടെ മിശ്രിതമാണ് വാതകങ്ങളുടെ ഗന്ധം എന്ന് മറ്റ് ദൃക്‌സാക്ഷികൾ വിശേഷിപ്പിച്ചു. ആകാശം ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലുള്ള പുകയാൽ നിറഞ്ഞിരുന്നു. നിരവധി സ്ത്രീകളും 17 വയസ്സുള്ള ഒരു പെൺകുട്ടിയും ഒരു അജ്ഞാത ഉപകരണം കണ്ടതായി വിവരിച്ചു, “വെടിവയ്പ്പിന്റെ ശബ്ദമില്ലാതെ, ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള തീജ്വാലകൾ പോലെ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു. സെക്കൻഡുകൾ കഴിഞ്ഞപ്പോൾ, തെരുവ് പുകയും നീരാവിയും കൊണ്ട് നിറഞ്ഞു.

സിവിൽ വസ്ത്രം ധരിച്ച രണ്ട് ഏജന്റുമാർ സംരക്ഷണ മാസ്‌കുകൾ ധരിച്ച് സമീപത്തുള്ള ജനക്കൂട്ടത്തിന് നേരെ ഗ്യാസ് കാനിസ്റ്ററുകൾ എറിഞ്ഞതായി ഒരു സ്ത്രീ പറഞ്ഞു. “ആഘാതത്തിന് ഏറ്റവും അടുത്തുള്ളവർക്ക് ചുമയും കഠിനമായ പൊള്ളലും അനങ്ങാൻ കഴിയാത്ത അവസ്ഥയും ഉണ്ടായെന്നും തനിക്കും പൊള്ളലേറ്റെന്നും”- അവർ പറഞ്ഞു.

ആശുപത്രികളെ ഭയമാണ്!

ആശുപത്രികളിൽ സുരക്ഷാ ഏജന്റുമാരുടെ സാന്നിധ്യവും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും ഭയന്ന് പരിക്കേറ്റ നിരവധി പ്രതിഷേധക്കാർ മെഡിക്കൽ സെന്ററുകൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചതായി നിരവധി സാക്ഷികൾ പറയുന്നു. പകരം സന്നദ്ധ ഡോക്ടർമാരുടെ സഹായത്തോടെ സ്വകാര്യ വീടുകളിൽ ചില ചികിത്സകൾ നടത്തിവരികയാണിവർ.

മെഡിക്കൽ വിലയിരുത്തൽ

സ്വീഡനിൽ താമസിക്കുന്ന ഫിസിഷ്യനും ക്ലിനിക്കൽ ഫാർമക്കോളജി പ്രൊഫസറുമായ അലൻ ഫോട്ടൂഹി ഇറാൻ ഇന്റർനാഷണലിനോട് പറഞ്ഞു, സാക്ഷികൾ വിവരിച്ച ലക്ഷണങ്ങൾ സാധാരണ കണ്ണീർ വാതക പ്രയോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ലക്ഷണങ്ങളുടെ രീതി, ദോഷത്തിന്റെ തീവ്രത, ഫലങ്ങളുടെ നിലനിൽപ്പ് എന്നിവ പരമ്പരാഗത കണ്ണീർ വാതക എക്സ്പോഷറിൽ സാധാരണയായി നിരീക്ഷിക്കപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉയർന്ന അളവിലുള്ള കണ്ണീർ വാതകത്തിന്റെയും മറ്റ് അത്യധികം പ്രകോപിപ്പിക്കുന്ന രാസവസ്തുക്കളുടെയും സംയോജനത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഫലങ്ങൾ ഉണ്ടായതെന്ന് ഫോട്ടൂഹി പറഞ്ഞു. എന്നാൽ കൃത്യമായ വസ്തുക്കൾ തിരിച്ചറിയുന്നതിന് ലബോറട്ടറി വിശകലനം ആവശ്യമാണെന്ന് പറഞ്ഞു. സിവിലിയന്മാർക്കെതിരെ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന രാസായുധ കൺവെൻഷനിൽ ഒപ്പുവച്ച രാജ്യമാണ് ഇറാൻ എന്നകാര്യം ഓർമ്മിക്കപ്പെടേണ്ടതാണ്.