ഭാര്യാവീട്ടുകാരുടെ അക്രമത്തെത്തുടർന്ന് ഭർത്താവിന് ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ കഴിയാത്ത സാഹചര്യമുണ്ടായാൽ ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാര്യയുടെയോ അവളുടെ കുടുംബാംഗങ്ങളുടെയോ പ്രവൃത്തികൾ മൂലം ഭർത്താവിന്റെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയോ ശാരീരികമായി അശക്തനാക്കപ്പെടുകയോ ചെയ്താൽ, ആ സാഹചര്യം മുതലെടുത്ത് ആനുകൂല്യം നേടാൻ ഭാര്യക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് ലക്ഷ്മി കാന്ത് ശുക്ല വ്യക്തമാക്കി. കുശിനഗർ കുടുംബ കോടതി നേരത്തെ നൽകിയ വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

കേസിന്റെ പശ്ചാത്തലം

ഹോമിയോപ്പതി ഡോക്ടറായ വേദ് പ്രകാശ് സിംഗ് എന്ന യുവാവും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള നിയമയുദ്ധമാണ് ഈ വിധിക്കടിസ്ഥാനം. സ്വന്തം ക്ലിനിക്കിൽ രോഗികളെ നോക്കിയിരുന്ന വേദ് പ്രകാശ് സിംഗിനെ ഭാര്യയുടെ പിതാവും സഹോദരനും ചേർന്ന് ക്ലിനിക്കിൽ വെച്ച് വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.

വെടിയുണ്ട അദ്ദേഹത്തിന്റെ നട്ടെല്ലിൽ തറയ്ക്കുകയും അത് മാറ്റാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുകയുമാണ്. ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യാൻ ശ്രമിച്ചാൽ ശരീരം തളർന്നുപോകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ദീർഘനേരം ഇരിക്കാനോ ജോലി ചെയ്യാനോ കഴിയാത്ത അവസ്ഥയിലായി അദ്ദേഹം.

കോടതിയുടെ നിരീക്ഷണം

ഭർത്താവ് ഭാര്യയെ സംരക്ഷിക്കണമെന്നത് ഇന്ത്യൻ സമൂഹത്തിലെയും നിയമത്തിലെയും ഒരു ധാർമ്മിക കടമയാണെങ്കിലും, ഈ കേസിൽ സാഹചര്യം വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിനെ ശാരീരികമായി അവശനാക്കിയതിന് പിന്നിൽ ഭാര്യയുടെയും കുടുംബത്തിന്റെയും പങ്ക് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഒരാളുടെ വരുമാനമാർഗ്ഗം തകർക്കുകയും അയാളെ രോഗിയാക്കുകയും ചെയ്ത ശേഷം അതേ വ്യക്തിയിൽ നിന്ന് തന്നെ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നത് നീതിക്ക് വിരുദ്ധമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഭാര്യയുടെ ഹർജി അനുവദിക്കുന്നത് നീതിപീഠത്തെ പരിഹസിക്കുന്നതിന് തുല്യമാകുമെന്ന് കോടതി പറഞ്ഞു.

2025 മെയ് ഏഴിന് കുശിനഗറിലെ കുടുംബ കോടതി ഭാര്യയുടെ ജീവനാംശ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ ഭാര്യ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയിരിക്കുന്നത്. താൻ ജീവിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ഭർത്താവ് ഡോക്ടറായതിനാൽ പണം നൽകണമെന്നുമായിരുന്നു ഭാര്യയുടെ വാദം.  എന്നാൽ, ക്രിമിനൽ കുറ്റകൃത്യത്തിലൂടെ ഭർത്താവിനെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാക്കിയ ശേഷം അതേ ഭർത്താവിൽ നിന്ന് പണം ചോദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. ജീവനാംശം നൽകാനുള്ള ഭർത്താവിന്റെ കഴിവ് ഇല്ലാതാക്കിയത് ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെങ്കിൽ അവർക്ക് ആനുകൂല്യത്തിന് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി.