അമേരിക്കയിൽ നിന്നുള്ള ഭീഷണികളിൽ ഇറാൻ പരിഭ്രാതരല്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കിം ഇലാഹി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമുഖത്ത് നിന്ന് മായ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
“ഈ പ്രസ്താവന പുതിയതല്ല. ഞങ്ങൾ എല്ലാത്തിനും തയ്യാറാണ്,” അബ്ദുൾ മജിദ് ഹക്കിം ഇലാഹി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖൊമേനിയുടെ ഭരണത്തിന് അറുതി വരുത്തണമെന്നും ഇറാനിൽ പുതിയ നേതൃത്വം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷം കണക്കിലെടുത്ത് പെന്റഗൺ തങ്ങളുടെ വിമാനവാഹിനി കപ്പലുകളെ മേഖലയിലേക്ക് വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്.



