ആഗോളതലത്തിൽ നിലനിൽക്കുന്ന താരിഫ് ഭീഷണികളേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വെല്ലുവിളിയാകുന്നത് രാജ്യത്തെ വർദ്ധിച്ചുവരുന്ന മലിനീകരണമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധയും ഹാർവാർഡ് സർവകലാശാല പ്രൊഫസറുമായ ഗീതാ ഗോപിനാഥ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) ഇന്ത്യ ടുഡേ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചീഫുമായ കലി പുരിയാണ് ചർച്ച നിയന്ത്രിച്ചത്.
പുതിയ ബിസിനസ്സ് സംരംഭങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും വ്യാപാരം, താരിഫുകൾ, നിയന്ത്രണങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം ലഭിക്കാറുള്ളതെന്നും എന്നാൽ മലിനീകരണത്തിന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടി. “ഇന്ത്യ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് മലിനീകരണം. ഇതുവരെ ചുമത്തപ്പെട്ട ഏതൊരു താരിഫിനേക്കാളും മാരകമായ ആഘാതമാണ് മലിനീകരണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കുന്നത്,” അവർ പറഞ്ഞു.



