ഭരണത്തുടര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഡിഎയിലേക്ക് വരണമെന്ന കേന്ദ്രമന്തി അത്തേവാലക്ക് കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
കേന്ദ്ര സഹായം കിട്ടണമെങ്കില്‍ പിണറായി വിജയനും പാര്‍ട്ടിയും എന്‍ഡിഎയുടെ ഭാഗമാകണമെന്ന കേന്ദ്രമന്ത്രിയുടെ ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരണം. കേരളത്തിന് സഹായം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ തെറ്റാണെന്നും കേരളത്തിന് അവകാശപ്പെട്ടതാണ് കുടിശ്ശികയായി കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം നാട്ടുകാര്‍ക്ക് അറിയാം. ഓരോ ഇഞ്ചും പൊരുതിയിട്ടാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം വര്‍ഗീയതക്കെതിരെ മുന്നേറിയിട്ടുള്ളതെന്നും എംവി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യം മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനതയും ഒന്നിച്ച് മതനിരപേക്ഷ ഉള്ളടക്കത്തോടെ മുന്നോട്ടുപോകണം എന്നതാണ് സിപിഎം നിലപാട്. ഇതിലൂടെ കേരളം ലോകത്തിനാകെ മാതൃകയാകണമെന്നും എംവി ഗോവിന്ദന് പറഞ്ഞു. മന്ത്രി സജി ചെറിയാന് പറഞ്ഞത് പാര്‍ട്ടി നിലപാടല്ല, സജി ചെറിയാന്റെ ഖേദപ്രകടനം പാര്‍ട്ടി നിര്‍ദേശ പ്രകാരമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്നും ഒപ്പം നിന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രമന്ത്രി റാംദാസ് അത്തേവാല പറഞ്ഞത്. പിണറായി വിജയനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും സിപിഐയും എന്‍ഡിഎയില്‍ ചേരണം. സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക് എന്‍ഡിഎയില്‍ വരാമെങ്കില്‍ കമ്യൂണിസ്റ്റുകള്‍ക്കും വരാം. പിണറായി വിജയന് എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകും. എന്‍ഡിഎയില്‍ ചേരുന്നതുകൊണ്ട് ബിജെപി ആകുന്നില്ല. നിരവധി പാര്‍ട്ടികള്‍ എന്‍ഡിഎയിലേക്ക് വരുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിയെ എതിര്‍ത്തോളൂ, പക്ഷേ വികസനത്തെ എതിര്‍ക്കരുത്. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നുണ്ട്. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ പണം കേരളത്തിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



