ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും സഹ-പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തിന് കീഴിൽ നിക്കരാഗ്വയിലെ ക്രിസ്ത്യാനികൾ ‘വർധിച്ചുവരുന്ന നിശബ്ദതയിലേക്ക്’ നീങ്ങുന്നുവെന്ന് വെളിപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള വിവേചനവും പീഡനവും അനുഭവിക്കുന്ന ക്രൈസ്തവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഓപ്പൺ ഡോർസിന്റെ 2026 ലെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട്, വേൾഡ് വാച്ച് ലിസ്റ്റ് 2026 പ്രസിദ്ധീകരിച്ചു. ഈ റിപ്പോർട്ടിൽ വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന ലോകത്തിലെ 50 രാജ്യങ്ങളുടെ പട്ടികയുണ്ട്. അതിൽ നിക്കരാഗ്വ 32-ാം സ്ഥാനത്താണ്.
“മനുഷ്യാവകാശ ലംഘനങ്ങൾ പോലുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ സംസാരിക്കുന്ന വിശ്വാസികൾ നിരീക്ഷണം, ഭീഷണി, തടവ് എന്നിവയും ചിലർക്ക് നാടുകടത്തൽ, പൗരത്വം നഷ്ടപ്പെടൽ എന്നിവ നേരിടേണ്ടി വരുകയും ചെയ്തിട്ടുണ്ട്.” ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
“പള്ളികളും മറ്റ് ക്രിസ്ത്യൻ സ്ഥാപനങ്ങളും (സ്കൂളുകൾ, ചാരിറ്റികൾ പോലുള്ളവ) ഭരണകൂടത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്നു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും, അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും, അവരുടെ കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സാമൂഹിക ഘടനയുടെ വിലപ്പെട്ട ഭാഗമായി കാണപ്പെടുന്നതിനുപകരം, നിരവധി ക്രൈസ്തവരെ ‘അസ്ഥിരപ്പെടുത്തുന്ന ഏജന്റുമാരായി’ കാണുന്നു,” റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
“ക്രൈസ്തവരുടെ ഈ അടിച്ചമർത്തൽ 2018 മുതൽ ആരംഭിച്ചതാണ്. അന്ന് രാജ്യവ്യാപകമായി സർക്കാരിനെതിരെ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 2021 ലെ തിരഞ്ഞെടുപ്പിനും 2025 ലെ ഭരണഘടനാ പരിഷ്കരണത്തിനും ശേഷം ഇത് കൂടുതൽ വഷളായി. സഭയെ കൂടുതൽ നിശബ്ദമാക്കുന്നത് ഉൾപ്പെടെ, വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനെ കൂടുതൽ ന്യായീകരിക്കുന്ന നിയമപരമായ മാറ്റങ്ങൾ അവതരിപ്പിക്കാൻ രണ്ടും ഉപയോഗിച്ചു.”
“നിക്കരാഗ്വയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ വിഭാഗമെന്ന നിലയിൽ, ഭരണകൂടത്തിന്റെ മുൻഗണനാ ലക്ഷ്യമാണ് കത്തോലിക്കർ. പുരോഹിതന്മാർ തടവ്, നാടുകടത്തൽ, വീട്ടുതടങ്കൽ, യാത്രാ നിരോധനങ്ങൾ, നിയമപരമായ ഭീഷണികൾ എന്നിവ നേരിടുന്നു,” റിപ്പോർട്ട് പറയുന്നു.
2018 നും 2025 അവസാനത്തിനും ഇടയിൽ സഭയിൽ 43 സ്വത്തുക്കൾ കണ്ടുകെട്ടി. സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കർക്കെതിരെ 1,030 ആക്രമണങ്ങൾ നടത്തി, കൂടാതെ 18,808 പ്രദക്ഷിണങ്ങൾ നിരോധിച്ചു. 2025 അവസാനത്തോടെ, 2022 നും 2025 നും ഇടയിൽ, ഒർട്ടേഗ-മുറില്ലോ സ്വേച്ഛാധിപത്യം കത്തോലിക്കാ സഭയിൽ നിന്ന് 39 സ്വത്തുക്കൾ എങ്ങനെ കണ്ടുകെട്ടിയെന്ന് വിശദീകരിക്കുന്ന ഒരു വിശദമായ റിപ്പോർട്ട് കോൺഫിഡൻഷ്യൽ പത്രം പ്രസിദ്ധീകരിച്ചു.



