ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റതിന് പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിമരുന്നിടുകയാണ് ബിജെപി നേതൃത്വം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൻ്റെ ചുമതല വിനോദ് താവ്ഡെയ്ക്ക് നൽകിയതിലൂടെ ‘മിഷൻ സൗത്ത്’ കൂടുതൽ ശക്തമാക്കുകയാണ് പാർട്ടി. ബിഹാറിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച തന്ത്രജ്ഞനായ താവ്ഡെയ്ക്ക് കേരളത്തിലെ കടമ്പകൾ അത്ര എളുപ്പമല്ല.

കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം പരിശോധിക്കുമ്പോൾ 45 ശതമാനത്തോളം വരുന്ന മുസ്ലീം-ക്രിസ്ത്യൻ വോട്ടുകളിൽ കാര്യമായ സ്വാധീനം ചെലുത്താതെ അധികാരം പിടിക്കുക അസാധ്യമാണ്. ബിഹാറിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ എൽഡിഎഫും യുഡിഎഫും വളരെ ശക്തമായ അടിത്തറയുള്ള മുന്നണികളാണ്. ഹൈന്ദവ വോട്ടുകളിൽ ഭൂരിഭാഗവും ഈ രണ്ട് മുന്നണികൾക്കുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.