ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ വീണ്ടും പാർട്ടിയുടെ നേതൃനിരയിലേക്ക്. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ മേൽനോട്ട ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കൊപ്പം ജി. സുധാകരനും ചുമതല നൽകി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ സർക്കുലർ ഇറങ്ങി.
വർഷങ്ങളായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ഒതുക്കപ്പെട്ട് പാർട്ടിയുടെ എല്ലാ വേദികളിൽ നിന്നും അകറ്റി നിർത്തിയിരുന്ന സുധാകരൻ വീണ്ടും ജില്ലാ സെന്ററിലേക്ക് മടങ്ങിയെത്തുകയാണ്. ‘ജില്ലാ കേന്ദ്രത്തിൽ പാർട്ടി സെന്ററായി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ദൈനംദിന പ്രവർത്തനങ്ങൾ നടത്തും. സി.എസ്. സുജാത, സജി ചെറിയാൻ, ആർ.നാസർ, സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, കെ.എച്ച്. ബാബുജാൻ, ജി. സുധാകരൻ എന്നിവർ സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കും.’ എന്നാണ് സർക്കുലറിൽ പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പു പ്രവർത്തനത്തിലെ അലംഭാവം ആരോപിച്ച് അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിണറായി മുഖ്യമന്ത്രിയായ ശേഷം ജില്ലയിൽ മറ്റു വിശ്വസ്തവലയങ്ങൾ രൂപപ്പെട്ടതോടെയാണ് സുധാകരൻ വീട്ടിൽ ഒതുക്കപ്പെട്ടത്.



