ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം തട്ടിയെടുക്കാൻ ശ്രമിച്ച ദേവസ്വം ബോർഡ് വാച്ചർ പിടിയിലായി. കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റ് കുമാരപുരം പൊത്തപ്പള്ളി സ്വദേശി രാകേഷ് കൃഷ്ണനാണ് (40) പിടിയിലായത്. ഹരിപ്പാട് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ചൊവ്വാഴ്ച ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ജനുവരി മാസത്തിലെ കാണിക്ക എണ്ണുന്നതിനിടെയായിരുന്നു സംഭവം. ബാങ്ക് ജീവനക്കാർക്ക് നൽകാനായി പണം മേശപ്പുറത്ത് നിരത്തി വെച്ചപ്പോൾ, കാലിയായ പെട്ടികൾ മാറ്റിവെച്ചിടത്ത് രാകേഷ് കൃഷ്ണൻ സംശയാസ്പദമായ രീതിയിൽ ചുറ്റിത്തിരിയുന്നത് അസി. കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടു. പെട്ടികൾ മാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പെട്ടി കമഴ്ത്തി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചുവെച്ച നോട്ടുകെട്ടുകൾ പുറത്തുവന്നത്. 20 രൂപയുടെയും 10 രൂപയുടെയും കെട്ടുകളും 500 രൂപയുടെ നോട്ടുകളും ഉൾപ്പെടെ ആകെ 32,000 രൂപയാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്.



