സനാതന ധർമ്മത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ വിവാദ പരാമർശങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പ്രസംഗം ‘ഹേറ്റ് സ്പീച്ച്’ (വെറുപ്പുളവാക്കുന്ന പ്രസംഗം) ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ തിരുച്ചിറപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഈ പരാമർശങ്ങൾ.

സനാതന ധർമ്മം എന്നത് കൊറോണയോ ഡെങ്കിപ്പനിയോ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധിയുടെ 2023 സെപ്റ്റംബറിലെ പ്രസംഗം ഹിന്ദു മതത്തിന് നേരെ നടന്ന വ്യക്തമായ ആക്രമണമാണെന്ന് കോടതി പറഞ്ഞു.

ഡിഎംകെയും അതിന്റെ മാതൃസംഘടനയായ ദ്രാവിഡ കഴകവും കഴിഞ്ഞ 100 വർഷമായി ഇത്തരം ആക്രമണങ്ങൾ തുടരുകയാണെന്നും മന്ത്രി ഇതേ പ്രത്യയശാസ്ത്ര പാരമ്പര്യത്തിൽ പെട്ടയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘സനാതന ഒഴിപ്പ്’ എന്ന തമിഴ് പ്രയോഗം ഒരു പ്രത്യേക വിഭാഗത്തെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന അർത്ഥം വരുന്നതാണെന്നും ഇത് വംശഹത്യയ്ക്ക് തുല്യമായ പ്രയോഗമാണെന്നും കോടതി വിലയിരുത്തി.