തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന നേതാവ് ജി. സുധാകരനെ വീണ്ടും സജീവമാക്കാനുള്ള നീക്കവുമായി സിപിഐഎം. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയിൽ ജി. സുധാകരനെ ഉൾപ്പെടുത്തി പാർട്ടി പുതിയ ചുമതലകൾ നൽകി എന്നാണ് ലഭിക്കുന്ന വിവരം.
ജില്ലയിൽ നിന്നുള്ള സ്ഥാനാർഥികൾ ആരാകണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ ഈ കമ്മിറ്റിയെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് ജി. സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി ആവശ്യപ്പെടുമോ എന്നറിയില്ലെന്നും, ആവശ്യപ്പെട്ടപ്പോൾ ഒരിക്കലും മത്സരിക്കാതിരുന്നിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.
വിജയ സാധ്യതയുള്ളവർ മത്സരിക്കണമെന്ന ചർച്ച വരുമ്പോൾ സ്വാഭാവികമായി തന്റെ പേരും ഉയർന്ന് കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതാണെന്നും, താൻ ഒരിക്കലും സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുകാലമായി പാർട്ടിയുമായി അകലം പാലിച്ചിരുന്ന ജി. സുധാകരന്റെ പൊതുപരിപാടികളിലെ വിമർശനങ്ങൾ സിപിഐഎമ്മിന് അസൗകര്യമുണ്ടാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രശംസിച്ച പരാമർശവും വിവാദമായി. ഇതിന് പിന്നാലെ പാർട്ടി നേതാക്കൾ അനുനയ ശ്രമങ്ങളുമായി അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു. കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരിക്കെയാണ് ജി. സുധാകരന് വീണ്ടും പാർട്ടി ചുമതലകൾ നൽകിയത്.



