കാനഡയിലെ സ്കാർബറോയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ തീർത്ഥാടന പള്ളിയിൽ വൻ കവർച്ച. ക്രൈസ്തവ വിശ്വാസികൾ ഏറെ പവിത്രമായി കരുതുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പാണ് പള്ളിയിൽ നിന്നും മോഷണം പോയത്. ഇറ്റലിയിലെ ഓർട്ടോണയിലുള്ള ബസിലിക്കയിൽ നിന്നും അടുത്തിടെ പള്ളിയിൽ എത്തിച്ച പ്രതിഷ്ഠിച്ചതായിരുന്നു ഈ തിരുശേഷിപ്പ്.
തിരുശേഷിപ്പിന് പുറമെ പള്ളിയിലെ ഏറ്റവും പരിശുദ്ധമായ തിരുവോസ്തി സൂക്ഷിക്കുന്ന ടാബർനാക്കിളിന്റെ താക്കോലും മോഷ്ടാക്കൾ കവർന്നു. ജനുവരി 14-ന് പുലർച്ചെയാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് പള്ളി അധികൃതർ അറിയിച്ചു. പള്ളിയിലെ ഓഫീസുകളും വികാരിയച്ചന്റെ മുറിയും മോഷ്ടാക്കൾ പൂർണ്ണമായും അടിച്ചുതകർത്തിട്ടുണ്ട്.
മോഷണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും വിശ്വാസത്തെ മുറിപ്പെടുത്തുന്നതിനുള്ള ആസൂത്രിത നീക്കമാണിതെന്നും മിസ്സിസ്സാഗ രൂപത പി.ആർ.ഒ ഫാ. ജോർജ് ജോസഫ് വ്യക്തമാക്കി. ഓഫീസിലെ കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, രേഖകൾ എന്നിവ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പള്ളിയുടെ ജനലുകളും വാതിലുകളും തകർത്ത് അകത്തുകയറിയ പ്രതികൾ വിലപിടിപ്പുള്ള വസ്തുക്കളെക്കാൾ പവിത്രമായ ചിഹ്നങ്ങളെയാണ് ലക്ഷ്യം വെച്ചത്.
ഈ സംഭവം വിശ്വാസി സമൂഹത്തിൽ വലിയ ഞെട്ടലും വേദനയും ഉണ്ടാക്കിയിട്ടുണ്ട്. ടൊറന്റോ പോലീസ് സംഭവത്തിൽ കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പള്ളിയിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് ഇവർ അകത്തുകയറിയത്.
തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട പള്ളിയിൽ ഇത്തരം ഒരു സംഭവം നടന്നത് വിശ്വാസികൾക്കിടയിൽ കടുത്ത ആശങ്കയാണ് പടർത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. രൂപതാ അധികൃതർ ഈ പ്രയാസകരമായ ഘട്ടത്തിൽ പള്ളിക്കും വിശ്വാസികൾക്കും പൂർണ്ണ പിന്തുണ അറിയിച്ചു. പള്ളിയിലെ നാശനഷ്ടങ്ങൾ വളരെ വലുതാണെന്നും ക്രമസമാധാന നില ഉറപ്പാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.



