കണ്ണൂർ: കണ്ണൂരിൻ്റെ മലയോരത്തെ പച്ചപ്പും പഴശ്ശിരാജാവിൻ്റെ പോരാട്ടവീര്യവും ഇഴചേർന്ന മണ്ണാണ് പേരാവൂർ. യുഡിഎഫിൻ്റെ ഉറച്ച കോട്ടയെന്ന് കോൺഗ്രസ് വിശ്വസിക്കുന്ന മണ്ണ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ മണ്ഡലം. സിറ്റിങ് എംഎൽഎയെ വീഴ്ത്താൻ സിപിഎം കളത്തിലിറക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ ‘ക്രൗഡ് പുള്ളറെ’ ആണോ എന്ന ചോദ്യമാണ് മലയോരത്ത് നിന്ന് ഉയരുന്നത്. ജോൺ ബ്രിട്ടാസ്, കെകെ ശൈലജ എന്നീ രണ്ട് പേരുകളാണ് സിപിഎം ക്യാമ്പിൽ നിന്ന് ഉയർന്ന് കേൾക്കുന്നത്. കൂടുതൽ സാധ്യത ബ്രിട്ടാസിനും.

ജോൺ ബ്രിട്ടാസ് എന്ന രാജ്യസഭാ എംപി പേരാവൂരിലേക്ക് വരുമ്പോൾ അത് വെറുമൊരു മത്സരമല്ല, മറിച്ച് ചരിത്രം ആവർത്തിക്കാനുള്ള ഇടതുപക്ഷത്തിൻ്റെ നീക്കമാണ്. പേരാവൂരിൻ്റെ ചരിത്രം പരിശോധിച്ചാൽ അത് യുഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 2011 മുതൽ സണ്ണി ജോസഫ് തുടർച്ചയായി വിജയിക്കുന്ന മണ്ഡലം. കെപി നൂറുദ്ധീൻ്റെ പാരമ്പര്യം പേറുന്ന നാട്.

എന്നാൽ 18 വർഷങ്ങൾക്ക് മുമ്പ്, 2006 ൽ പേരാവൂർ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. കോൺഗ്രസിൻ്റെ സിറ്റിങ് എംഎൽഎയായിരുന്ന എഡി മുസ്തഫയെ 9,099 വോട്ടുകൾക്ക് പരാജയപ്പെടുത്തി കെകെ ശൈലജ ടീച്ചർ അന്ന് പേരാവൂരിനെ ചുവപ്പിച്ചു. മണ്ഡലം രൂപീകൃതമായ ശേഷം ഇടതുപക്ഷം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു അത്. യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് കരുതിയിരുന്ന മണ്ഡലത്തിൽ കെകെ ശൈലജ അന്ന് നേടിയ വിജയം ഇന്നും ഇടത് ക്യാമ്പുകൾക്ക് വലിയ ആവേശം നൽകുന്ന ഒന്നാണ്. അന്ന് ശൈലജ ടീച്ചർ ഉണ്ടാക്കിയ അതേ ചലനം, മറ്റൊരു ‘സ്റ്റാർ വാല്യു’ ഉള്ള സ്ഥാനാർഥിയിലൂടെ ആവർത്തിക്കാനാവുമോ എന്നാണ് സിപിഎം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ‘പേരാവൂരിൽ ചരിത്രം ആവർത്തിക്കുമോ’ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു.

പേരാവൂർ മണ്ഡലത്തിൻ്റെ ഹൃദയമിടിപ്പ് അറിയണമെങ്കിൽ അവിടുത്തെ തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒന്ന് കണ്ണോടിക്കണം. ഇരിട്ടി മുനിസിപ്പാലിറ്റിയും എട്ട് ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം. മണ്ഡലത്തിന്റെ വാണിജ്യ കേന്ദ്രമാണ് ഇരിട്ടി നഗരസഭ. ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാറുള്ളതെങ്കിലും നിലവിൽ ഭരണം, നേരിയ മുൻതൂക്കത്തിൽ എൽഡിഎഫിൻ്റെ പക്കലാണ്.

കുടിയേറ്റ കർഷകർ തിങ്ങിപ്പാർക്കുന്ന ആറളം, അയ്യൻകുന്ന്, പായം പഞ്ചായത്തുകളിൽ സഭയുടെയും കർഷക സംഘടനകളുടെയും നിലപാടുകൾ നിർണ്ണായകമാണ്. ആറളത്തെ ആദിവാസി പുനരധിവാസ മേഖലയിലെ വോട്ടുകൾ എന്നും രാഷ്ട്രീയ ഗതിമാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മലയോരത്തിൻ്റെ അറ്റത്തുള്ള കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകൾ യുഡിഎഫിൻ്റെ ശക്തികേന്ദ്രങ്ങളാണ്. എന്നാൽ വന്യജീവി ആക്രമണങ്ങളും ബഫർ സോൺ വിഷയങ്ങളും ഇവിടെയെന്നും ചർച്ചയാണ്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ളതാകട്ടെ മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലും. പേരാവൂർ പഞ്ചായത്തിലെ ഭരണമാറ്റങ്ങൾ പലപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡിനെ സ്വാധീനിക്കാറുണ്ട്.


കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരന് ലഭിച്ച ലീഡ് യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. എന്നാൽ നിയമസഭയിലേക്ക് എത്തുമ്പോൾ സ്ഥാനാർഥി പ്രഭാവവും പ്രാദേശിക വികസന പ്രശ്നങ്ങളും വോട്ടെടുപ്പിനെ സ്വാധീനിക്കും. നിലവിലെ എംഎൽഎ മാത്രമല്ല, കെപിസിസി പ്രസിഡൻ്റ് കൂടിയാണ് സണ്ണി ജോസഫ്, അതുകൊണ്ട് തന്നെ കോൺഗ്രസിന് പേരാവൂർ അഭിമാനപ്പോരാട്ടമാണ്. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് വേണം പറയാൻ.

2016ൽ 7,989 വോട്ടിൻ്റെ ഭൂരിപക്ഷമാണ് സണ്ണി വക്കീലിന് പേരാവൂർ നൽകിയതെങ്കിൽ 2021ൽ ഭൂരിപക്ഷം 3,172 ആയി കുറഞ്ഞു. ഇടതുതരംഗം ആഞ്ഞടിച്ചിട്ടും മണ്ഡലം പിടിച്ചുനിർത്താൻ സാധിച്ചെങ്കിലും, എൽഡിഎഫിൻ്റെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധനവ് കോൺഗ്രസ് ക്യാമ്പിനെ അലട്ടുന്നുണ്ട്. 2016-നെ അപേക്ഷിച്ച് എൽഡിഎഫ് വോട്ട് വിഹിതത്തിൽ ഏകദേശം 2.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കെവി സക്കീർ ഹുസൈൻ എന്ന യുവനേതാവിലൂടെ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സിപിഎമ്മിന് സാധിച്ചു.

സഭാ വോട്ടുകളും കുടിയേറ്റ കർഷകരുടെ പിന്തുണയും സണ്ണി ജോസഫിന് തുണയായെങ്കിലും, ഭൂരിപക്ഷം പകുതിയോളം കുറഞ്ഞത് മണ്ഡലത്തിൽ സിപിഎമ്മിൻ്റെ വർധിച്ചുവരുന്ന സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. 2016ൽ 9,000ത്തിന് മുകളിൽ വോട്ട് പിടിച്ച ബിജെപി, 2021ലും ആ വോട്ട് നില ഏകദേശം നിലനിർത്തി. ഈ വോട്ടുകൾ എങ്ങോട്ട് മറിയുന്നു എന്നത് മണ്ഡലത്തിലെ വിജയപരാജയങ്ങളെ സ്വാധീനിക്കുന്ന ഘടകമാണ്.

2021 ലെ ഫലം പരിശോധിക്കുമ്പോൾ പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വ്യക്തിപ്രഭാവമാണ് യുഡിഎഫിനെ തുണച്ചതെന്ന് കാണാം. എന്നാൽ സിപിഎം വോട്ട് നില 44 ശതമാനത്തിന് മുകളിലേക്ക് എത്തിയത് നിസ്സാരമല്ല. കേവലം മൂവായിരത്തോളം വോട്ടുകളുടെ മാത്രം വ്യത്യാസമുള്ള ഒരു മണ്ഡലത്തിലേക്ക് ജോൺ ബ്രിട്ടാസിനെപ്പോലൊരു ‘ഹൈ പ്രൊഫൈൽ’ സ്ഥാനാർഥി വരുമ്പോൾ, അത് യുഡിഎഫിൻ്റെ ഭൂരിപക്ഷത്തെ മറികടക്കാൻ പര്യാപ്തമാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

സണ്ണി ജോസഫ് മണ്ഡലത്തിൽ എല്ലാവർക്കും സുപരിചിതനാണ്. വികസന പ്രവർത്തനങ്ങളിലൂടെയും വ്യക്തിബന്ധങ്ങളിലൂടെയും അദ്ദേഹം വോട്ടർമാരുടെ മനസ്സിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ജോൺ ബ്രിട്ടാസ് എത്തുമ്പോൾ കളി മാറും. ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ എന്ന നിലയിലും രാജ്യസഭയിലെ മികച്ച പ്രകടനത്തിലൂടെയും കേരളത്തിലുടനീളം ബ്രിട്ടാസിന് വലിയ സ്വീകാര്യതയുണ്ട്. കത്തോലിക്കാ സഭയ്ക്കും കുടിയേറ്റ കർഷകർക്കും നിർണ്ണായക സ്വാധീനമുള്ള ഈ മണ്ഡലത്തിൽ, സഭയുമായി നല്ല ബന്ധം പുലർത്തുന്ന ഒരു സ്ഥാനാർഥിയെയാണ് സിപിഎം ലക്ഷ്യമിടുന്നത്.

മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങൾ രാഷ്ട്രീയത്തിനപ്പുറമാണ്. വന്യജീവി ആക്രമണം, ബഫർ സോൺ പ്രശ്നം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് എന്നിവ വോട്ടർമാരുടെ നിലപാട് മാറ്റിയേക്കാം. ഈ പ്രശ്നങ്ങളിൽ ആര് ഒപ്പം നിൽക്കുന്നു എന്നത് വോട്ടായി മാറും.