കൊച്ചി: സംശയകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഇടപാടുകളാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി. ദൈവതാത്പര്യത്തിനനുസരിച്ച് പരിപൂർണ വിശ്വാസത്തിലധിഷ്ഠിതമായി നടന്നെന്ന് വിശ്വസിച്ചിരുന്ന പലകാര്യങ്ങളും അങ്ങനെയല്ലെന്ന് വ്യക്തമായിട്ടുണ്ട്. അയ്യപ്പന്റെ വസ്തുവകകൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ ക്രമക്കേട് നടത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ക്ഷേത്രസ്വത്ത് ഏൽപ്പിച്ചിരിക്കുന്നവരുടെ സജീവമായ ഉപജാപവും പ്രോത്സാഹനവുമാണ് ഇതിനു വഴിയൊരുക്കിയത്. ഭരണപരമായ വീഴ്ച, കെടുകാര്യസ്ഥത തുടങ്ങിയവകാരണം സ്വത്ത് നഷ്ടപ്പെടാൻ ഇടയായെന്നും കോടതി പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമല്ല, വ്യാപക ക്രമക്കേടിലേക്കാണു അന്വേഷണം സൂചന നൽകുന്നത്. ജാഗ്രതയും പ്രൊഫഷണലിസവും കാട്ടി നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.

ദ്വാരപാലക ശില്പങ്ങളെക്കുറിച്ചും പഴയ കൊടിമരം പൊളിച്ചുമാറ്റിയതിനെക്കുറിച്ചുമെല്ലാം കൂടുതലന്വേഷണം നടത്തും. സ്വർണക്കൊള്ളയ്ക്കു പിന്നിൽ വൻ റാക്കറ്റുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നും പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അഷ്ടദിക്പാലകരുടെ കാര്യത്തിലുള്ള അന്വേഷണം അനിവാര്യമാണ്. കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. കൊടിമരം സംബന്ധിച്ചും രേഖകളും ഫയലുകളും പരിശോധിക്കുന്നുണ്ട്. 2017-ൽ പുതിയ കൊടിമരം സ്ഥാപിച്ചു. പഴയ കൊടിമരത്തിലെ വാജിവാഹനം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ്, അംഗങ്ങൾ എന്നിവർ അന്നത്തെ തന്ത്രി കണ്ഠര് രാജീവർക്കു കൈമാറിയിരുന്നു.

തന്ത്രിയുടെ വീട്ടിൽനടന്ന പരിശോധനയിൽ വാജിവാഹനം പിടിച്ചെടുത്തു. പഞ്ചലോഹ നിർമിതമാണെന്നും 10.68 കിലോഗ്രാമുള്ള അതിന്റെ പുറത്തു വലിയതോതിൽ സ്വർണ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു.