ഇറാനിൽ ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്ക് 72 മണിക്കൂർ അന്ത്യശാസനം നൽകി ഇറാൻ ദേശീയ പോലീസ് മേധാവി അഹമ്മദ് റാസ റദാൻ. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ മൂന്ന് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയാണ് അദ്ദേഹം ഈ അന്ത്യശാസനം പുറപ്പെടുവിച്ചത്.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത യുവാക്കളെ രണ്ട് വിഭാഗമായാണ് അധികൃതർ കാണുന്നത്. വിദേശശക്തികളുടെ സ്വാധീനത്താൽ വഴിതെറ്റിയവർ മൂന്ന് ദിവസത്തിനുള്ളിൽ കീഴടങ്ങിയാൽ അവരോട് മൃദുസമീപനം സ്വീകരിക്കും.
എന്നാൽ രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തുന്നവർക്കും അക്രമം സംഘടിപ്പിക്കുന്നവർക്കും എതിരെ നിയമത്തിന്റെ എല്ലാ ശക്തിയും ഉപയോഗിക്കുമെന്ന് റദാൻ വ്യക്തമാക്കി. ശത്രു സൈനികരായല്ല മറിച്ച് വഞ്ചിക്കപ്പെട്ടവരായാണ് കീഴടങ്ങുന്ന യുവാക്കളെ കണക്കാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



