ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച വിചിത്രമായ സന്ദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ പുറത്തുവിട്ടു. തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാത്തതിലുള്ള നിരാശയാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള തന്റെ നീക്കത്തിന് പിന്നിലെന്ന് ട്രംപ് സന്ദേശത്തിൽ വെളിപ്പെടുത്തി. എന്നാൽ നൊബേൽ സമ്മാന നിർണ്ണയത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് നോർവേ പ്രധാനമന്ത്രി ട്രംപിന് മറുപടി നൽകി.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് ജോനാസ് ഗഹർ സ്റ്റോർ സ്ഥിരീകരിച്ചു. “നൊബേൽ സമ്മാനം നൽകുന്നത് സ്വതന്ത്രമായ ഒരു സമിതിയാണ്, അല്ലാതെ നോർവേ സർക്കാരല്ല എന്ന് ഞാൻ പ്രസിഡന്റ് ട്രംപിന് വ്യക്തമായി വിശദീകരിച്ചു നൽകിയിട്ടുണ്ട്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നോർവേയും ഫിൻലാൻഡും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ട്രംപ് പ്രഖ്യാപിച്ച താരിഫ് വർദ്ധനവിനെതിരെ സ്റ്റോറും ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും ചേർന്ന് ട്രംപിനെ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഈ മറുപടി സന്ദേശം വന്നത്.



