350 വർഷത്തിനിടെ ആദ്യമായി ജറുസലേമിലെ സെന്റ് മാർക്ക് സിറിയക് ഓർത്തഡോക്സ് പാത്രിയാർക്കൽ ആശ്രമത്തിന്റെ ചരിത്രപരമായ അൾത്താര തുറന്നു. വളരെക്കാലമായി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടഞ്ഞു കിടന്ന ഈ അൾത്താര ജനുവരി 11 നാണ് തുറന്നത്. സങ്കീർണ്ണമായ സ്വർണ്ണ-ഇലകളും ബറോക്ക് അലങ്കാരങ്ങളും ഈ അൾത്താരയുടെ പ്രത്യേകതകളാണ്.
സിറിയക് ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ച്, യേശു പത്രോസിനോടും യോഹന്നാനോടും ഒപ്പം പെസഹാ ഭക്ഷണം തയ്യാറാക്കാൻ നിർദ്ദേശിച്ച മർക്കോസിന്റെ വീട് സ്ഥിതി ചെയ്യുന്നത് ഈ ആശ്രമത്തിലാണ്. അവസാന അത്താഴം, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകൽ, പുനരുത്ഥാനാനന്തര പ്രത്യക്ഷപ്പെടലുകൾ, പെന്തക്കോസ്ത് എന്നിവ നടന്ന മുകളിലത്തെ മുറി ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.
“ഇവിടെ നിന്നാണ് ആദ്യത്തെ സഭ ശക്തിപ്പെട്ടത്, ആത്മാവിന്റെ ശക്തിയാൽ സുവിശേഷം എല്ലാ ജനങ്ങളിലേക്കും എത്തി. ഇന്ന് നമ്മൾ ഉദ്ഘാടനം ചെയ്യുന്നത് ഒരു കലാപരമായ മാസ്റ്റർപീസ് എന്നതിലുപരി ഒരു ചരിത്രപരമായ ഘടനയാണ്”- മോർ അന്തിമോസ് ജാക്ക് യാക്കൂബ് പറഞ്ഞു. 1733 ൽ ആയിരുന്നു ഇവിടെ അവസാനം ഔദ്യോഗികമായി പുനരുദ്ധാരണം നടന്നത്. കൂടാതെ ബലിപീഠത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇതിന് 400 വർഷം പഴക്കമുണ്ടെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് യാക്കൂബ് പറഞ്ഞു.
യഥാർഥ ബലിപീഠത്തിന്റെ ഉത്ഭവത്തെക്കുറിച്ചോ അതിന്റെ ശിൽപികളെക്കുറിച്ചോ രേഖാമൂലമുള്ള വിവരങ്ങളോ രേഖകളോ നിലവിലില്ലെങ്കിലും, കത്തോലിക്കാ ശൈലിയിലുള്ള ഒരു ബലിപീഠവും മിഡിൽ ഈസ്റ്റേൺ ശൈലിയിലുള്ള “ഐക്കണോസ്റ്റാസിയോ”യും സംയോജിപ്പിക്കുന്ന അതിന്റെ സവിശേഷമായ ശൈലി കാരണം ബറോക്ക് ശൈലിയിലുള്ള ബലിപീഠം യൂറോപ്യൻ കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണെന്ന് പുനഃസ്ഥാപകനായ കാർലോസ് ലോസോയ പറഞ്ഞു.



