തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് ഈ മാസം 27ന് സമർപ്പിക്കാനും അന്ന് തന്നെ വാദം പരിഗണിക്കുമെന്നും കോടതി അറിയിച്ചു
രാഹുൽ ഈശ്വറിന് കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ മാത്രമേ എതിർ വാദം ഉന്നയിക്കാൻ കഴിയു എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് പ്രതിഭാഗത്തിന് മുഴുവൻ രേഖകളും കൈമാറാൻ കോടതി പ്രോസിക്യൂഷൻ നിർദേശം നൽകി. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ കോടതി രാഹുലിന് നേരത്തെ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അതിക്ഷേപിക്കാൻ ശ്രമിച്ചു, ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണ് എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.



