കണ്ണൂർ: ഡിജിറ്റൽ അറസ്റ്റെന്നു പറഞ്ഞ് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം കവർന്ന പ്രതിയെ പഞ്ചാബിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തലശേരി സ്വദേശിയായ വനിതാ ഡോക്ടറുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത ലുധിയാന സ്വദേശി ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ തട്ടിപ്പു സംഘം ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ വിവിധ അക്കൗണ്ടുകളിലായി 10.5 ലക്ഷം രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പോലീസ് കണ്ടെത്തി.



