ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധികളെ ആദരിക്കുന്നതിനായി കെപിസിസി സംഘടിപ്പിക്കുന്ന ‘മഹാപഞ്ചായത്ത്’ സംഗമത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15,000-ത്തിലധികം ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി നേരെ പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ എം. ലീലാവതിയുടെ വസതി സന്ദർശിക്കും. അവിടെനിന്ന് ഉച്ചയ്ക്ക് 2 മണിയോടെ മറൈൻ ഡ്രൈവിലെ സമ്മേളന വേദിയിലെത്തും. വൈകുന്നേരം 4 മണിയോടെ സമാപിക്കുന്ന പരിപാടിക്ക് ശേഷം അദ്ദേഹം വിമാനമാർഗ്ഗം മടങ്ങും.