അമേരിക്കയുമായി നിലനിൽക്കുന്ന സംഘർഷം രൂക്ഷമായതോടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിടുന്നത് ഒരു സമ്പൂർണ്ണ യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതിന് പിന്നാലെയാണ് ഈ ഭീഷണി. പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് തുടരുമെന്ന സൂചനയും ടെഹ്റാൻ നൽകി.
ഇറാന്റെ പരമാധികാരത്തിന് മേലുള്ള ഏതൊരു കടന്നുകയറ്റവും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെസ്കിയൻ എക്സിൽ (X) കുറിച്ചു. ഖമേനിക്കെതിരായ നീക്കം ഇറാൻ ജനതയ്ക്കെതിരായ യുദ്ധമായി കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ പുതിയ നേതൃത്വം വരാൻ സമയമായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു ഇത്.



