കേന്ദ്ര സർക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തർക്കം സാഹിത്യ മേഖലയിലേക്കും പടരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയം കഴിഞ്ഞ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് തമിഴ്നാട് സർക്കാർ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘സെമ്മൊഴി സാഹിത്യ പുരസ്കാരം’ (Semmozhi Literary Award) എന്ന പേരിലാണ് ഈ അവാർഡുകൾ അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന ചടങ്ങിലാണ് സ്റ്റാലിൻ ഈ പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ടത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഏഴ് ഭാഷകളിലെ മികച്ച കൃതികൾക്കാണ് പുരസ്കാരം നൽകുക. ഓരോ ഭാഷയിലെയും മികച്ച കൃതിക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക.



