ലഖ്‌നൗ: റെയിൽവേ സ്റ്റേഷനുകളിൽ അപകട സാഹചര്യത്തിൽ എത്തിച്ചേരുന്ന 1500-ലധികം കുട്ടികളെ രക്ഷിച്ച ആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക് റെയിൽവേയുടെ പരമോന്നത ബഹുമതി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ചന്ദന സിൻഹയ്ക്കാണ് ഇന്ത്യൻ റെയിൽവേയുടെ പരമോന്നത ബഹുമതിയായ അതിവിശിഷ്ട് സേവാ പുരസ്‌കാരം ലഭിച്ചത്. ജനുവരി ഒൻപതിന് ഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.
ചന്ദന സിൻഹയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഉത്തർപ്രദേശിലെ റെയിൽവേ സ്‌റ്റേഷനുകളിൽനിന്ന് 1500-ലധികം കുട്ടികളെയാണ് രക്ഷിച്ചത്. ഇതിൽ വീടുവിട്ട് ഓടിവന്ന കുട്ടികളും മനുഷ്യക്കടത്ത്-സെക്സ് റാക്കറ്റ് സംഘങ്ങൾ തട്ടിക്കൊണ്ടുപോയ കുട്ടികളും ഉൾപ്പെടുന്നു. കണക്കുകൾ അനുസരിച്ച് 2024-ൽ മാത്രം 494 കുട്ടികളെ കണ്ടെത്തി. ഇവരിൽ 41 പേരെ തൊഴിൽ ചൂഷണത്തിനായി കടത്തിയതായിരുന്നു. 494 കുട്ടികളിൽ 152 കുട്ടികളെ ചന്ദന സിൻഹ നേരിട്ട് രക്ഷപ്പെടുത്തി.
റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കുട്ടികൾക്കെതിരേ നടക്കുന്ന അക്രമങ്ങളെ ചെറുക്കാനായി റെയിൽവേ രൂപീകരിച്ച ‘ഓപ്പറേഷൻ നൻഹേ ഫരിസ്തേ’യുടെ ചുമതല 2024 മുതലാണ് ചന്ദന സിൻഹയ്ക്ക് ലഭിക്കുന്നത്. ലഖ്‌നൗവിലെ ചാർബാഗ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചന്ദന, ശരീരഭാഷയും പെരുമാറ്റവുമെല്ലാം നിരീക്ഷിച്ച് കുട്ടികൾ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യം മനസ്സിലാക്കാൻ സഹപ്രവർത്തകരെ പരിശീലിപ്പിച്ചു.
ഭൂരിഭാഗം കേസുകളും തൊഴിൽ ചൂഷണവുമായി ബന്ധപ്പെട്ടവയാണ്. കടത്തപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗവും 13-നും 15-നും ഇടയിൽ പ്രായമുള്ളവരായിരുന്നുവെന്നും ഇവരെല്ലാം അപരിചിതരോടൊപ്പമാണ് യാത്രചെയ്തിരുന്നതെന്നും ചന്ദന സിൻഹ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തൊഴിൽ വാഗ്ദാനംചെയ്താണ് പലരെയും കടത്തിയിരുന്നത്. എന്തുതരം ജോലിയാണെന്നുപോലും അവർക്ക് അറിയില്ല. കുട്ടികളെ ഇങ്ങനെ കൊണ്ടുപോകുന്നവർ വെറും കണ്ണികൾ മാത്രമാണ്. കുട്ടിയുടെ ശരീരഭാഷ, നിശബ്ദത, മുഖത്തെ ഭാവം എന്നിവയിൽനിന്നാണ് ഇത്തരം കുട്ടികളെ കണ്ടെത്തുന്നതും തിരിച്ചറിയുന്നതെന്നും അവർ പറഞ്ഞു.
ഛത്തീസ്ഗഢ് ബിലാസ്പുർ സ്വദേശിയാണ് ചന്ദന സിൻഹ. 2010-ലാണ് ആർപിഎഫിൽ ജോലിയിൽ പ്രവേശിക്കുന്നത്. 1980-കളിലെ ഐപിഎസ് ഉദ്യോഗസ്ഥ കല്യാണി സിങ്ങിനെ അടിസ്ഥാനമാക്കിയുള്ള ‘ഉഡാൻ’ എന്ന ടിവി പരമ്പരയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർപിഎഫ് ഉദ്യോഗസ്ഥയായതെന്ന് ചന്ദന സിൻഹ പറയുന്നു. 11 വയസ്സുള്ള പെൺകുഞ്ഞിന്റെ അമ്മകൂടിയായതിനാൽ ജോലിയെ പലപ്പോഴും വൈകാരികമായി സമീപിക്കാറുണ്ടെന്നും അവർ പറഞ്ഞു.



