ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പറന്ന യാത്രാവിമാനം ശനിയാഴ്ച ഉച്ചയോടെ റഡാറിൽ നിന്നും അപ്രത്യക്ഷമായി. ജാവ ദ്വീപിലെ യോക്യാകർത്തയിൽ നിന്നും സുലവേസിയിലെ മകാസറിലേക്ക് പോയ ഇന്തോനേഷ്യ എയർ ട്രാൻസ്‌പോർട്ട് കമ്പനിയുടെ എടിആർ 42-500 (ATR 42-500) വിമാനമാണ് കാണാതായത്. എട്ട് ജീവനക്കാരും ഫിഷറീസ് മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.17-ഓടെ സൗത്ത് സുലവേസിയിലെ മാറൂസ് ജില്ലയിലുള്ള പർവ്വതമേഖലയ്ക്ക് മുകളിൽ വെച്ചാണ് വിമാനവുമായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടത്. മകാസറിലെ സുൽത്താൻ ഹസനുദ്ദീൻ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വിമാനത്തിന്റെ പാത ക്രമീകരിക്കാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശം നൽകിയതിന് പിന്നാലെയായിരുന്നു ഇത്.
മൗണ്ട് ബുലുസറൗങ് പർവ്വതനിരകളിൽ ഹൈക്കിംഗിന് പോയ സഞ്ചാരികൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി അധികൃതരെ അറിയിച്ചിട്ടുണ്ട്. വിമാനത്തിന്റെ ലോഗോ പതിച്ച ഭാഗങ്ങളും ചെറിയ രീതിയിലുള്ള തീപിടുത്തവും കണ്ടതായാണ് ഇവരുടെ മൊഴി. ഇതേത്തുടർന്ന് സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഈ പ്രദേശം കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു. ബുലുസറൗങ് നാഷണൽ പാർക്കിലെ ചെങ്കുത്തായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.



