മാർബിൾ മുതൽ മരം വരെ, ഒരു രാജ്യത്തിന്റെ വിഭവങ്ങളെയും സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്തുക്കൾ ഉപയോഗിച്ച് പള്ളികൾ നിർമ്മിക്കാൻ കഴിയും. ഫിലിപ്പീൻസിലെ മനിലയിലുള്ള വി. സെബസ്ത്യാനോസിന്റെ ദൈവാലയം ഇതിൽ നിന്നും അല്പം വ്യത്യസ്തമാണ്. പൂർണ്ണമായും ഉരുക്ക് കൊണ്ട് നിർമ്മിച്ച രാജ്യത്തെ ഏക ദൈവാലയമാണിത്. ഇതിനൊരു കാരണമുണ്ട്.

1651-ൽ മരം കൊണ്ട് നിർമ്മിച്ച ഈ പള്ളി, ഏതാനും വർഷങ്ങൾക്കുള്ളിൽ തീപിടുത്തത്തിൽ നശിച്ചു. 1859, 1863, 1880 വർഷങ്ങളിൽ ഉണ്ടായ തീപിടുത്തങ്ങളോ ഭൂകമ്പങ്ങളോ മൂലം പുതുതായി നിർമ്മിച്ച ഘടനകളും തകർന്നു. 1880-കളോടെ, ഫിലിപ്പീൻസിന്റെ തലസ്ഥാനത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന തീപിടുത്തങ്ങൾ, ഭൂകമ്പങ്ങൾ, ഉഷ്ണമേഖലാ ടൈഫൂണുകൾ എന്നിവയെ ചെറുക്കാൻ കഴിയുന്ന ഒരു മെറ്റീരിയൽ ഉപയോഗിച്ച് പള്ളി പുനർനിർമ്മിക്കണമെന്ന് വിശ്വാസികൾ മനസ്സിലാക്കി.

അങ്ങനെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഒരു ഡിസൈൻ നിർമ്മിക്കാൻ പ്രാദേശിക ഇടവക സ്പാനിഷ് ആർക്കിടെക്റ്റ് ജെനാരോ പലാസിയോസിനെ ചുമതലപ്പെടുത്തി. സ്പെയിനിലെ ബർഗോസിലെ ഗോതിക് കത്തീഡ്രലിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉരുക്ക് കൊണ്ടാണ് പലാസിയോസ് ഒരു ഘടന നിർമ്മിച്ചത്.

1888 നും 1890 നും ഇടയിൽ ഒരു ബെൽജിയൻ ഫൗണ്ടറിയിൽ നിന്ന് ഫിലിപ്പീൻസിലേക്ക് ഏകദേശം 52 മെട്രിക് ടൺ ഉരുക്ക് കൊണ്ടുപോയി. 1890 സെപ്റ്റംബറിൽ ആദ്യത്തെ ‘കല്ല്’ സ്ഥാപിച്ചു. ഈഫൽ ടവറിന്റെ ഗോതിക് പതിപ്പിനോട് സാമ്യമുള്ള ഘടന സ്ഥാപിച്ചുകഴിഞ്ഞതിന് ശേഷം, നിർമ്മാതാക്കൾ ചുവരുകളിൽ മണൽ, ചരൽ, സിമൻറ് എന്നിവ കലർത്തി നിറച്ചു. പൂർത്തിയായ ശേഷം, ചുവരുകളും മേൽക്കൂരയും മാർബിളും ജാസ്പർ കല്ലും കൊണ്ട് നിർമ്മിച്ചതാണെന്ന് തോന്നിപ്പിക്കുന്നതിന് പെയിന്റ് ചെയ്യുകയും ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത സ്റ്റെയിൻഡ് ഗ്ലാസ് ജനാലകൾ സ്ഥാപിക്കുകയും ചെയ്തു. സ്റ്റീൽ കമാനങ്ങളാൽ ഒന്നിച്ചുചേർന്ന രണ്ട് ഓപ്പൺ വർക്ക് ടവറുകൾക്ക് ചുറ്റും നിർമ്മിച്ച മനോഹരമായ ഗോതിക് ദൈവാലയത്തിനു 105 അടി ഉയരമുണ്ട്. 1891-ൽ മനിലയിലെ ആർച്ച് ബിഷപ്പ് പള്ളിയെ പ്രതിഷ്ഠിക്കുകയും ലെയോ പതിമൂന്നാമൻ മാർപാപ്പ മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു.

ഉരുക്ക് തീയെയും ഭൂകമ്പത്തെയും പ്രതിരോധിക്കുന്ന ഒരു വസ്തുവാണെങ്കിലും, മനില ഉൾക്കടലിൽ നിന്നുള്ള ഈർപ്പം, കടൽ വായു എന്നിവ മൂലമുണ്ടാകുന്ന തുരുമ്പിനും നാശത്തിനും അത് ഇരയാകുമെന്ന് തെളിഞ്ഞു. 1982-ൽ, പള്ളി തകരുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തുകയും നാഷണൽ ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുനരുദ്ധാരണ പദ്ധതി ആരംഭിക്കുകയും ചെയ്തു.

ഇന്ന്, ഈ ദൈവാലയം ഒരു ദേശീയ സാംസ്കാരിക നിധിയായും ദേശീയ ചരിത്ര സ്മാരകമായും കണക്കാക്കപ്പെടുന്നു. കൂടാതെ 2006 ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായി നിയോഗിക്കപ്പെടേണ്ട സ്മാരകങ്ങളുടെ ഫിലിപ്പീൻസിന്റെ താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.