നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം കേവലം പുഞ്ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് നിങ്ങളുടെ ആയുസ്സുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പുതിയ ഞെട്ടിക്കുന്ന പഠനങ്ങൾ. വായുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ പ്രതിഫലനമാണെന്ന് പണ്ട് മുതലേ പറയപ്പെടുന്നുണ്ടെങ്കിലും, പല്ലുകളുടെ എണ്ണവും അവസ്ഥയും ഒരാളുടെ ആയുസ്സ് പ്രവചിക്കാൻ സഹായിക്കുമെന്നാണ് ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 

ഏകദേശം 1,90,282 മുതിർന്ന വ്യക്തികളിൽ നടത്തിയ വിപുലമായ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഒരാളുടെ പല്ലുകൾ എത്രത്തോളം കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നുവോ, അത്രത്തോളം മരണസാധ്യത കുറയുന്നു എന്നാണ് ഈ പഠനം അടിവരയിടുന്നത്. പല്ലുകൾ നഷ്ടപ്പെടുന്നതും മോണരോഗങ്ങൾ വരുന്നത് കേവലം വായെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും അത് ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഗവേഷകർ ഓരോ പല്ലിനെയും ആരോഗ്യമുള്ളവ, അടച്ചവ, കേടുവന്നവ, അല്ലെങ്കിൽ നഷ്ടപ്പെട്ടവ എന്നിങ്ങനെ തരംതിരിച്ചാണ് പഠനം നടത്തിയത്. ഇതിൽ ആരോഗ്യമുള്ള പല്ലുകളും കൃത്യമായി ചികിത്സിച്ചു സംരക്ഷിച്ച പല്ലുകളും ഉള്ളവർക്ക് മരണസാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. അതേസമയം, പല്ലുകൾ കൂടുതലായി നഷ്ടപ്പെട്ടവരിലോ അല്ലെങ്കിൽ കേടുവന്ന പല്ലുകൾ ചികിത്സിക്കാതെ വച്ചിരിക്കുന്നവരിലോ അകാല മരണത്തിനുള്ള സാധ്യത  വളരെ കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

വെറുതെ പല്ലുകൾ വായയിലുണ്ട് എന്ന് പറയുന്നതിനേക്കാൾ, അവ എത്രത്തോളം ആരോഗ്യകരമാണ് എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. കേടായ പല്ലുകൾ നീക്കം ചെയ്യുന്നതോ അല്ലെങ്കിൽ കൃത്യമായി ചികിത്സിക്കുന്നതോ ആയ കാര്യങ്ങൾ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും.

എന്തുകൊണ്ടാണ് പല്ലുകളുടെ ആരോഗ്യം ആയുസ്സിനെ ബാധിക്കുന്നത് എന്നതിന് ഗവേഷകർ നൽകുന്ന പ്രധാന വിശദീകരണം ‘ക്രോണിക് ഇൻഫ്ലമേഷൻ’ അഥവാ വിട്ടുമാറാത്ത വീക്കം എന്നതാണ്. മോണരോഗങ്ങളും പല്ലിലെ അണുബാധയും വായയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. വായയിലെ ബാക്ടീരിയകൾ രക്തത്തിലൂടെ ഹൃദയം, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളിൽ എത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു 

ഇത് ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിലേക്ക് നയിക്കാം. വായയിലെ ബാക്ടീരിയകൾ രക്തധമനികളിൽ തടസ്സമുണ്ടാക്കാൻ കാരണമാകുമെന്നും ഇത് സ്ട്രോക്ക് പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പല്ലുകൾ നഷ്ടപ്പെടുന്നത് ഒരാളുടെ ഭക്ഷണരീതിയെ കാര്യമായി ബാധിക്കുന്നു. കൃത്യമായി ചവച്ചരച്ച് കഴിക്കാൻ സാധിക്കാതെ വരുമ്പോൾ ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാതെ വരുന്നു. പച്ചക്കറികൾ, പഴവർഗങ്ങൾ, പ്രോട്ടീൻ അടങ്ങിയ കഠിനമായ ആഹാരങ്ങൾ എന്നിവ ഒഴിവാക്കേണ്ടി വരുന്നത് പോഷകാഹാരക്കുറവിലേക്ക്  നയിക്കുന്നു. 

ദഹനം ആരംഭിക്കുന്നത് വായയിൽ നിന്നായതുകൊണ്ട് തന്നെ, ആഹാരം ശരിയായി ചവച്ചരക്കാത്തത് ദഹനപ്രക്രിയയെ തകരാറിലാക്കുകയും വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പ്രായമായവരിൽ ശാരീരികമായ ക്ഷീണത്തിനും പ്രതിരോധശേഷി കുറയാനും കാരണമാകുന്നു.

ജപ്പാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടോക്കിയോ നടത്തിയ മറ്റൊരു പഠനത്തിൽ ‘ഓറൽ ഫ്രെയിൽറ്റി’ അഥവാ വായയുടെ ബലഹീനതയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പല്ലുകൾ കുറയുക, ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടുക, വായ വരണ്ടുപോകുക, സംസാരിക്കാൻ പ്രയാസം നേരിടുക തുടങ്ങിയ ലക്ഷണങ്ങൾ ഇതിന്റെ ഭാഗമാണ്. ഈ ലക്ഷണങ്ങളിൽ മൂന്നോ അതിലധികമോ ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണസാധ്യത 1.34 മടങ്ങ് കൂടുതലാണെന്ന് പഠനം പറയുന്നു. അതുകൊണ്ട് തന്നെ പല്ലിന്റെ പ്രശ്നങ്ങളെ വെറും നിസ്സാരമായി കാണാതെ കൃത്യസമയത്ത് ദന്തരോഗവിദഗ്ദ്ധനെ കണ്ട് ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്.