ബംഗ്ലാദേശിൽ ഇന്ധനപ്പണം ചോദിച്ച ഹിന്ദു യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ഇന്ധനത്തിന് പണം നൽകാത്തത് ചോദ്യം ചെയ്ത പെട്രോൾ പമ്പ് ജീവനക്കാരനെ മനഃപൂർവ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.
ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഈ ക്രൂരകൃത്യം നടന്നത്. സദർ ഉപസിലയിലെ ഇന്ധന സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മുപ്പതുകാരനായ റിപ്പൺ സാഹയാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ മാരകമായി പരിക്കേറ്റ സാഹ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും (ബിഎൻപി) അതിന്റെ യുവജന വിഭാഗമായ യുബോ ദളിന്റെയും മുൻ നേതാവായ അബുൽ ഹാഷെം ഒരു കറുത്ത ലാൻഡ് ക്രൂയിസർ കാറിലാണ് പെട്രോൾ പമ്പിലെത്തിയത്. വാഹനത്തിന്റെ ടാങ്ക് നിറച്ച ശേഷം പണം നൽകാതെ അബുൽ ഹാഷെം കടന്നുകളയാൻ ശ്രമിച്ചു.



