ഹനുമാൻറെ പ്രതിമ ടെക്സസിൽ വേണ്ട എന്ന് അമേരിക്കയിലെ ചില രാഷ്ട്രീയക്കാർ മുറവിളി കൂട്ടാൻ ആരംഭിച്ചിട്ടുണ്ട്. 90 അടി ഉയരമുള്ള അമേരിക്കയിലെ മൂന്നാമത്തെ വലുപ്പമേറിയ ശില്പം സ്ഥാപിക്കുവാൻ എന്തിനാണ് അനുമതി കൊടുത്തത് എന്നൊക്കെ അവർ ചോദിക്കുന്നു.
അങ്ങനെ ഇപ്പോൾ വളരെ ചർച്ചാ വിഷയമായിരിക്കുന്ന ഹനുമാനെ ഒന്നുപോയി കണ്ടുകളയാം എന്നു വിചാരിച്ച് ഹൂസ്റ്റണിലേക്ക് വണ്ടിതിരിച്ചു. ഷുഗർലാണ്ടിൽ എത്തിയപ്പോൾ, ദൂരെ നിന്നുതന്നെ തലയുയർത്തി നിൽക്കുന്ന പ്രതിമ കണ്ണിൽപ്പെട്ടു. പക്ഷെ അടുക്കുംതോറും അതൊരു സ്ത്രീയുടെ പ്രതിമയാണ് എന്ന തിരിച്ചറിവുണ്ടായി.
അയ്യോ ഇനി നാട്ടിൽ നിന്നും ഇത്രയും ദൂരം ചാടിവന്നപ്പോൾ ആഞ്ജനേയൻ സ്ത്രീ ആയി മാറിയോ?
അതിനടുത്തെത്തിയപ്പോഴാണ് അമളി മനസ്സിലായത്. അതൊരു ബുദ്ധ ക്ഷേത്രത്തിനോടുചേർന്നുള്ള മനോഹരമായ പൂന്തോട്ടത്തിൽ നിലയുറപ്പിച്ച
” ക്വാൻ ആം” എന്ന കാരുണ്യ ദേവതയുടെ പ്രതിമയാണെന്ന്. ഉയരം 72 അടി. അവിടെ നിന്നും തിരിഞ്ഞുനോക്കിയപ്പോൾ, അതാ നിൽക്കുന്ന 90 അടിക്കാരൻ ഹനുമാൻ.
ഹാവൂ സമാധാനമായി— വായുപുത്രൻ ഒറ്റക്കല്ലല്ലോ. കൂട്ടിനായി വിയറ്റ്നാംകാരി കൂടെ ഉണ്ടല്ലോ.
ഹനുമാൻ സ്വാമി നിത്യബ്രഹ്മചാരിയായത് മറ്റൊരു ഭാഗ്യം.
പീഡന സാദ്ധ്യത ഒട്ടും തന്നെ ഇല്ല!.
ഹനുമാന്റെ പ്രതിമക്കടുത്തുചെന്നപ്പോൾ,
അയ്യോ ഇതത്ര വലിപ്പമൊന്നും ഇല്ലല്ലോ എന്നാണാദ്യം ചിന്തിച്ചത്.
ടെക്സസിലെ ഏറ്റവും ഉയരം കൂടിയ “ഫെറിസ് വീൽ” എന്ന ആകാശ തൊട്ടിക്ക് 212 അടി ഉയരമുണ്ടല്ലോ?
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ, സ്റ്റാച്യു ഓഫ് ലിബർട്ടിക്ക് 151 അടിയും, രണ്ടാമത്തെ ഉയരക്കാരനായ പെഗാസസ് ആൻഡ് ഡ്രാഗൺ പ്രതിമക്ക് 110 അടിയും ആകുന്നു. ഉയരത്തിന്റെ കാര്യത്തിൽ മൂന്നാമനായി വന്നിരിക്കുകയാണ് വായുപുത്രൻ.
ചതുരത്തിലുള്ള ഒരു പൊയ്കയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പിച്ചള നിറത്തിലുള്ള പീഠത്തിൽ മനോഹരമായ കൊത്തുപണികളും ചെയ്തിരിക്കുന്നു. പീഠം ആനകൾ താങ്ങിനിറുത്തുന്ന എന്ന രീതിയിലാണ് നിലകൊള്ളുന്നത്. നാല് മാനുകൾക്ക് ഒരുതലയും, അതേപോലെ മൂന്നുകുരങ്ങന്മാർക്ക് ഒരു തലയും പോലെയുള്ള ശില്പങ്ങളും പീഠത്തെ കൗതുകമുള്ളതാക്കുന്നു.
ഷുഗർലാൻഡ് സിറ്റിയിലേക്കുള്ള ആകർഷണ കേന്ദ്രമായി മാറിയിട്ടുള്ള ശില്പത്തെ എന്തുകൊണ്ടായിരിക്കാം ചില അമേരിക്കക്കാർ എതിർക്കുന്നത്?
അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വിഭാഗം (Median house hold income ) ഇന്ത്യക്കാരാണ്. ഇവിടെ ജനിച്ചുവളർന്ന വെളുത്ത വർഗ്ഗക്കാരേക്കാൾ കൂടുതലാണ് ഇന്ത്യക്കാരുടെ വരുമാനം. ടെക്സസ്സിലെ റിയൽ എസ്റ്റേറ്റുകളിലെല്ലാം തന്നെ ഇന്ത്യൻ വംശജരുടെ കടന്നുകയറ്റം വളരെ പ്രകടമാണ്. കൂടാതെ, അമേരിക്കയിൽ, ഹോട്ടൽ ബിസിനസ്സ് കയ്യടക്കി വച്ചിരിക്കുന്നത് പട്ടേൽ വിഭാഗക്കാരാകുന്നു. തദ്ദേശികൾക്ക് അസൂയ ഉളവാക്കുന്ന തരത്തിൽ ഇന്ത്യൻ വംശജർ, അമേരിക്കയിൽ സാമ്പത്തിക പുരോഗതി കൈവരിച്ചുകഴിഞ്ഞു. രണ്ടാം തലമുറയാകട്ടെ വൈറ്റ് ഹൌസ്സ് വരെ ഉന്നം വക്കുന്നു.
കുടിയേറുന്ന സ്ഥലങ്ങളിൽ വേരുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ, പിറന്ന നാട്ടിലെ ആചാരങ്ങളും ആരാധനരീതികളുമെല്ലാം അവിടേക്ക് പറിച്ചുനടാൻ ശ്രമിക്കുക എന്ന ചിന്ത, വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാകുന്നു.
12ആം നൂറ്റാണ്ടിൽ, കമ്പോഡിയയിലെ അങ്കോർ വാറ്റിൽ 402 ഏക്കറിൽ നിർമിച്ച ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം. വലിപ്പത്തിൽ രണ്ടാം സ്ഥാനം. 2023 ൽ ന്യൂ ജേഴ്സിയിൽ 183 ഏക്കറിൽ നിർമിച്ച അക്ഷർ ധാം ക്ഷേത്രം ആകുന്നു ദൈവത്തിന് ഇത്രയും വലിയ വാസസ്ഥലം ആവശ്യമുണ്ടോ? പള്ളികൾ ആയാലും, അമ്പലങ്ങൾ ആയാലും അമേരിക്കകാരുടേതിനേക്കാൾ മുന്നിൽ നിൽക്കണം എന്ന വാശി എന്തിനാണ് ?
അടുത്ത സുഹൃത്തായ അമേരിക്കക്കാരൻ വെള്ളക്കാരൻ അഭിപ്രായപ്പെട്ടു,
” ഇന്ത്യൻ സമൂഹം കുറച്ചൊക്കെ ഒതുങ്ങിക്കൂടി ജീവിക്കാൻ ശ്രമിക്കണം, പ്രത്യേകിച്ചും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ. എന്തിനാണ് ഇത്രവലിയ ആരാധനാലയങ്ങൾ കെട്ടിപൊക്കുന്നത്?”
കഴിഞ്ഞ മാസം, മലയാളികൾ സംഘടിപ്പിച്ച കലാപരിപാടികളിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ, സ്മാർട്ട് വാച്ച് കയ്യിൽ കിടന്ന് ബഹളം വെക്കാൻ തുടങ്ങി. മെസ്സേജ് വായിച്ചപ്പോൾ, “വേഗം ഇവിടെ നിന്നും മാറിപോവുക, ഇനിയും ഉയർന്ന നിലയിലുള്ള ശബ്ദം ശ്രവിച്ചാൽ, ഇയർ ഡ്രം കേടായി പോകും” എന്നാണ് എഴുതികാണിക്കുന്നത്.. കുറേ മലയാളി യുവാക്കൾ, നാട്ടിൽനിന്നും കൊണ്ടുവന്ന ചെണ്ടയും, കൈമണിയും എല്ലാം വച്ച് വാശിക്ക് പെരുക്കുകയാണ്. അവിടുന്ന് രക്ഷപെട്ടു പോന്നപ്പോൾ, അല്പമകലെ എഴുപതുവയസ്സ് തോന്നിക്കുന്ന ഒരു സായിപ്പ് രൂക്ഷമായി വാദ്യമേളക്കാരെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്നു.
ഇൻഡ്യക്കാർക്കെതിരെയുള്ള കാറ്റും കോളും മാറുമെന്നു നമ്മൾക്ക് പ്രത്യാശിക്കാം, അതുവരെ, കരുതലോടെ, അയൽവാസികളെ ശല്യപ്പെടുത്താതെ, നമ്മൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയ ഈ നാട്ടിൽ സാഹോദര്യ മനോഭാവത്തോടെ നമ്മൾക്ക് ജീവിക്കാം.



