‘മുൻഗണനാ കാർഡ് ലഭിച്ചതിലൂടെ പിതാവിന്റെ ശസ്ത്രക്രിയയ്ക്കുള്ള സഹായം  ലഭിച്ചല്ലോ?’ എന്ന  മുഖ്യമന്ത്രിയുടെ ഫോണിലൂടെയുള്ള ചോദ്യത്തിന്  ഹൃദയം നിറഞ്ഞ നന്ദിയായിരുന്നു ആതിരയുടെ മറുപടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രീകുമാറിന്റെ മകൾ ആതിരയാണ് മുൻഗണനാ കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ സി എം വിത്ത് മിയിൽ പരാതി അറിയിച്ചത്. 

അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നെങ്കിലും കുടുംബത്തിന് മുൻഗണനാ ചികിത്സാ സഹായത്തിന് അർഹത നൽകുന്ന കാർഡ് ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രശ്‌നം.സി എം വിത്ത് മീയിൽ നൽകിയ പരാതിയെ തുടർന്ന് വർക്കല സപ്ലൈ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ്, കമ്മീഷണറേറ്റ് എന്നിവിടങ്ങളിൽ തുടർച്ചയായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ മുൻഗണനാ കാർഡ് അനുവദിച്ച് ചികിത്സാ സഹായം ഉടൻ ലഭ്യമാക്കിയതിൽ ആതിര മുഖ്യമന്ത്രിയോടും സി എം വിത്ത് മിയോടും നന്ദി അറിയിച്ചു.