ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം ആഘോഷങ്ങൾ നടക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്നത് കാണാൻ ഭക്തലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായുള്ള
ശുദ്ധിക്രിയകൾ ഉൾപ്പെടെ ഇതിനകം പൂർത്തിയായി.
ഉച്ച കഴിഞ്ഞ് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം 30,000 ഭക്തരെ വെർച്വൽ ക്യൂ വഴിയും 5000 പേരെ സ്പോട്ട് ബുക്കിങ് വഴിയും സന്നിധാനത്തേക്ക് കടത്തിവിടും. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ അനുവദിക്കില്ല.
ഏകദേശം ഒന്നരലക്ഷത്തോളം ഭക്തരെങ്കിലും മകരവിളക്ക് ദർശനത്തിന് എത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നേരത്തെ തന്നെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ഇതു ശരംകുത്തിയിൽ എത്തിച്ചേരും. 6:20-ഓടെയാവും തിരുവാഭരണ ഘോഷയത്ര
സന്നിധാനത്ത് എത്തുക. പിന്നാലെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.



