തായ്‌ലൻഡിൽ വൻ ട്രെയിൻ അപകടം. നിർമ്മാണത്തിലിരുന്ന ഒരു ഭീമൻ ക്രെയിൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു വീണ് കുറഞ്ഞത് 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക പോലീസ് നൽകുന്ന വിവരം.

ബുധനാഴ്ച രാവിലെ തായ്‌ലൻഡിന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ നഖോൺ രത്‌ചസിമയിലെ സിഖിയോ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ അപകടം സംഭവിച്ചത്. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഉബോൺ രത്‌ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.

ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് പതിച്ചത്. ക്രെയിൻ വീണ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ പാളം തെറ്റുകയും ഒരു കോച്ചിന് തീപിടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ഉടൻ തന്നെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും എത്തി തീ അണച്ചു. അപകടസമയത്ത് ട്രെയിനിൽ 195 യാത്രക്കാരാണ് ഉണ്ടായിരുന്നത്.